Tuesday, August 26, 2025
spot_img

പ്രതിസന്ധികളോട് പടവെട്ടി കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഡോക്ടറായി വിഭ

ഏറെ സങ്കീര്‍ണ്ണമാകുമായിരുന്ന ജീവിത സാഹചര്യങ്ങളെ, കുടുംബത്തിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ എംബിബിഎസ് ഡോക്ടറാണ് പാലക്കാട് അകത്തേത്തറ സ്വദേശിനി ഡോക്ടര്‍ വിഭ. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് താന്‍ ആഗ്രഹിച്ച ജീവിതം വിഭ എത്തിപ്പിടിച്ചത്.

വര്‍ഷം 2021. പാലക്കാട്ടുകാരന്‍ വിപിന്റെ അവസാനവര്‍ഷ എംബിബിഎസ് കാലം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് അന്ന് പിറവിയെടുത്തത് ഒരു ഡോക്ടര്‍ മാത്രമല്ല 20 വര്‍ഷം മനസില്‍ ഒളിപ്പിച്ചുവെച്ച വിഭയുടെ സ്വത്വം കൂടിയായിരുന്നു. കുട്ടിക്കാലത്ത് തന്നെ തന്റെയുളളില്‍ ഒരു പെണ്ണാകാനുളള മോഹമുണ്ടെന്ന് വിഭ തിരിച്ചറിഞ്ഞിരുന്നു. നിര്‍ണ്ണായകമായത് പഠനകാലത്തെ ഒരു പ്രണയമാണ്.

തന്റെ സ്വത്വത്തെ കുറിച്ച് കുടുംബത്തില്‍ പറഞ്ഞപ്പോള്‍ കിട്ടിയ പ്രതികരണം അത്ഭുതകരമായിരുന്നു. അങ്ങനെ വീട്ടില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജവുമായാണ് ലോക്ഡൗണിന് ശേഷം വിഭ ക്യാമ്പസിലേക്കെത്തിയത്. തിരിച്ചറിഞ്ഞ കൂട്ടുകാരുടെ പ്രതികരണങ്ങള്‍ വീണ്ടും അത്ഭുതപ്പെടുത്തി. ഇതോടെ മുന്നോട്ട് തന്നെയെന്നുറപ്പിച്ചു.പഠനത്തിന്റെ അവസാനനാളുകളിലാണ് ഹോര്‍മോണ്‍ തെറാപ്പിയടക്കം എടുത്തത്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വേദനകളും ഒക്കെ സഹിച്ചുതന്നെ പഠനം പൂര്‍ത്തിയാക്കി. ഇന്നിപ്പോള്‍ പാലക്കാട് പുത്തൂരിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുകയാണ് വിഭ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ ബേസിക്ക് സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കിയിട്ടുളള വിഭക്ക് ഇനിയുമേറെദൂരം സഞ്ചരിക്കാനുണ്ട്..

Hot Topics

Related Articles