Friday, November 1, 2024
spot_img

‘നവ കേരള സദസിന് എതിരായ പ്രതിഷേധം ചില മാധ്യമങ്ങളുമായി ചേർന്നുള്ള നാടകം’; ആരോപണവുമായി മുഖ്യമന്ത്രി

ചില മാധ്യമങ്ങളുമായി ചേർന്നാണ് നവ കേരള സദസിന് എതിരായ പ്രതിഷേധങ്ങൾ നടക്കുന്നതെന്നും മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷേധമാണ് ഉണ്ടാകുന്നതെന്നാണ് പറയുന്നത്. യൂത്ത് കോൺഗ്രസുകാർക്ക് അപകടം പറ്റിയാൽ നിങ്ങൾക്ക് എന്താണ് എന്നാണ് കെപിസിസി പ്രസിഡന്റ് ചോദിച്ചത്. എന്തെങ്കിലും അപകടം പറ്റിയാൽ കുഴപ്പമില്ല എന്നാണ് പറയുന്നത്. പ്രതിഷേധങ്ങൾ ചില മാധ്യമങ്ങളുമായി ചേർന്നുള്ള നാടകമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ​ഗൺമാനെ ന്യായീകരിച്ച് നേരത്തേയും മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. തന്റെ ഗൺമാൻ ആരെയും തല്ലിയിട്ടില്ല. കൺമുന്നിൽ കണ്ട കാര്യമാണ് പറുന്നതെന്നും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ചില വക്താക്കൾ ഗവർണറേ ന്യായീകരിക്കുകയാണ്. അങ്ങേയറ്റം പ്രകോപനം ഉണ്ടാക്കാൻ ഗവർണർ ശ്രമിക്കുന്നുണ്ട്. ശാന്തമായി പോകുന്ന കേരളത്തിൽ കലുഷിത അന്തരീക്ഷം ഉണ്ടാക്കാൻ ഗവർണർ ആഗ്രഹിക്കുകയാണ്. ബോധപൂർവ്വം പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഗവർണർക്ക് വേറെ എന്തോ ചില ഉദ്ദേശങ്ങൾ ഉണ്ടെന്നും ഇത് പോലൊരു വ്യക്തിയെ ആർക്കാണ് ഉൾക്കൊള്ളാൻ ആവുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വി. മുരളീധരനെ പോലെ ചിലർക്ക് ​ഗവർണറെ ഉൾക്കൊള്ളുവാൻ കഴിയുമായിരിക്കും. തനിക്കു സ്ഥാനമാനങ്ങൾ വേണമെന്ന് ആഗ്രഹിച്ചു തെറ്റായ കാര്യങ്ങൾ ചെയ്‌താൽ ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ?. ഇക്കാര്യങ്ങളോക്കെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുന്നത് ആലോചിക്കും. കേന്ദ്ര സർക്കാർ അവഗണിക്കുന്നതിനെതിരെ സംസ്ഥാനം ഒരുമിച്ചു നിൽക്കണം.
അതായിരുന്നു നവകേരള സദസ്സിലെ പ്രധാന കാര്യം. എന്നാൽ പ്രതിപക്ഷം സദസ്സ് തന്നെ ബഹിഷ്കരിച്ചു. നാട് ഒന്നിച്ചു നിൽക്കാം എന്ന് തങ്ങൾ പറഞ്ഞു. ചർച്ച ചെയ്യാൻ തയ്യാറാണെന്നും അറിയിച്ചു. എന്നാൽ നിങ്ങളുമായി യോജിച്ചു ഒന്നിന്നുമില്ലെന്നാണ് കോൺഗ്രസ്സ് പ്രതികരിച്ചത്.
പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം കോൺഗ്രസിന് വേണ്ടിയാണെന്നും LDF – UDF തർക്കമല്ല ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

​ഗവർണർ നില വിട്ട മനുഷ്യനാണ്. കയറൂരി വിടുന്നവർ ശ്രദ്ധിക്കണം. കുട്ടികളോടിക്കളഞ്ഞെന്ന് വീരവാദം മുഴക്കുകയാണ് ​ഗവർണർ, അവരവിടെ നിന്നെങ്കിൽ നിങ്ങളെന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. താനിരിക്കുന്ന സ്ഥാനത്തെ മാനിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്തും കാണിക്കാമെന്ന് വിചാരിക്കരുത്. ഇത്തരം ആളുകളോട് എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് നന്നായറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles