സര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ ബന്ദികളുടെ കുടുംബങ്ങള്‍. ഹമാസ് ബന്ദികളാക്കിയവരെ കൈമാറുന്നത് സംബന്ധിച്ച് ഹമാസുമായി ഇസ്രയേല്‍ സര്‍ക്കാര്‍ ഉടമ്പടിയില്‍ എത്തുന്നത് വരെ സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്.
ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിസമ്മതിച്ചതിന് പിന്നാലെയാണ് നിരാഹാര ഭീഷണി. ഇസ്രയേല്‍ പത്രമായ യെദിയോത് ആഹ്രോനോത് ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലായി ഗാസയില്‍ കൊല്ലപ്പെട്ട നിരവധി ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന കണ്ടെടുത്തെന്നും അവരെ രക്ഷിക്കാമായിരുന്നെന്നും ബന്ദികളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഓരോ ദിവസവും രക്ഷപെടുത്താന്‍ വൈകുന്നതോടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാക്കുമെന്നും അവര്‍ പ്രതികരിച്ചു.അതേസമയം നിരാഹാരം നടത്തുമെന്ന മുന്നറിയിപ്പിനോട് ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍-ഹമാസ് ഉടമ്പടി പ്രകാരം ഏഴ് ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ എണ്‍പതോളം ഇസ്രയേലികളെ ഹമാസ് മോചിപ്പിച്ചിരുന്നു. 130ഓളം ബന്ദികളെ ഹമാസ് ഗസയില്‍ ഇനിയും മോചിപ്പിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.