ആലപ്പുഴയിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ. കാറിൽ നിന്നിറങ്ങി ഗൺമാൻ അനിലും സുരക്ഷ ഉദ്യോഗസ്ഥനും പ്രവർത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു.
ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വീഴുന്നതും കണാം. ഗൺമാൻ അനിലിന് നേരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. തൊടുപുഴയിൽ മാധ്യമപ്രവർത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും അനിലായിരുന്നു. ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് തല്ലിയത്.
ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്. വൈകീട്ട് മൂന്നരയോടെയാണ് കരിങ്കൊടികാട്ടലും മർദനവും നടന്നത്. പുന്നപ്രയിലേക്ക് മുഖ്യമന്ത്രിയും സംഘവും ബസിൽ പോകുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
കെഎസ്‌യു പ്രവർത്തകരെ മർദിച്ചതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പ്രവർത്തകരെ ക്രൂരമായി മർദിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു വിടി ബൽറാം വിമർശനം ഉയർത്തിയത്. ‘ഇത്രയും ക്രിമിനൽ മനസ്സുള്ളവർ പോലീസ് സേനയുടെ ഭാഗമായി ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്നു എന്നതാണ് വിജയൻ ഭരണം ഇവിടെ സൃഷ്ടിച്ച നവ കേരളത്തിന്റെ മുഖമുദ്ര’യെന്നായിരുന്നു വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.