ആലപ്പുഴ: മാവേലിക്കര ഗവ ഹൈ സ്കൂളിൽ പൊളിച്ച മതിലിന് പകരം വേലികെട്ടാനുള്ള നഗരസഭയുടെ നീക്കം തടഞ്ഞ് പൊലീസ്. വേലികെട്ടാനുള്ള കാറ്റാടി കഴയുമേന്തി സ്കൂളിലേക്ക് നീങ്ങിയ കോൺഗ്രസ്, ബിജെപി കൗൺസിലർമാരെ പൊലീസ് വഴിയിൽ തടഞ്ഞ് നിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മന്ത്രിസഭയുടെ ബസിന് കടന്ന് പോകാൻ രാത്രിയുടെ മറവിൽ ഇടിച്ചു നിരപ്പാക്കിയ മതിലിന് പകരം വേലി കെട്ടാൻ മാവേലിക്കര നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. ഇതിനായി കാറ്റാടി ക്കഴഉൾപ്പെടെ സാമഗ്രികൾ എത്തിക്കുകയും ചെയ്തു. ഉച്ചക്ക് 12 മണിയോടെ കോൺഗ്രസ്, ബിജെപി കൗൺസിലർമാർ പ്രകടനമായി സ്കൂളിലേക്ക് നീങ്ങി. എന്നാൽ ബുദ്ധ ജംഗ്ഷനിൽ വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. വേലി കെട്ടിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നായിരുന്നു പൊലീസിൻ്റെ വാദം. ഇതോടെ വാക്കുതർക്കായി. തുടർന്ന് പൊലീസ് കൗൺസിലർമാരെ മുഴുവൻ അറസ്റ്റ് ചെയ്ത് നീക്കി. വേലി കെട്ടാൻ എത്തിയാൽ തടയാനായി സി പി എം പ്രവർത്തകർ സ്കൂളിൽ തടിച്ചുകൂടിയിരുന്നു.