ദില്ലി : പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ഗ്യാസോ അതല്ലെങ്കിൽ കളര്‍ സ്പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുളള കോൺഗ്രസ് എംപിമാര്‍ പ്രതികരിച്ചു. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. പാർലമെൻ്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് പാർലമെന്റില് സുരക്ഷാ വിന്യാസം കൂട്ടി. ഭീകരമായ അനുഭവമെന്ന് സഭയിലുണ്ടായിരുന്ന രാജ് മോഹൻ ഉണ്ണിത്താൻ അടക്കം എംപിമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുക വമിച്ചതോടെ അംഗങ്ങൾ ഇറങ്ങിയോടി. ഇത്തരം വസ്കുക്കളുമായി എങ്ങനെയാണ് അകത്ത് കയറിയതെന്നും അംഗങ്ങൾ ചോദ്യമുയര്‍ന്നു. അംഗങ്ങളിൽ ആർക്കും പരിക്കില്ലെന്ന് വിവരം .