Thursday, November 28, 2024
spot_img

‘കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് പറഞ്ഞു, മുഷറഫ് തന്നെ പുറത്താക്കി’; നവാസ് ഷെരീഫ്

1999 ലെ കാര്‍ഗില്‍ യുദ്ധത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്ത്. നാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയ നവാസ് ഷെരീഫ് ഒരു പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അയല്‍രാജ്യമായ ഇന്ത്യയുമായി മികച്ച ബന്ധത്തിനാണ് താന്‍ ശ്രമിച്ചതെന്നും അതിനാല്‍ കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പര്‍വേശ് മുഷറഫ്, തന്നെ അധികാരത്തില്‍ നിന്നും മറ്റുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.  ‘1993 -ലും 1999 -ലും എന്നെ പുറത്താക്കിയത് എന്തു കൊണ്ടാണെന്ന് പറയണം. ‘അത് നടക്കരുതെ’ന്ന് പറഞ്ഞ് ഞാൻ കാർഗിൽ പദ്ധതിയെ എതിർത്തപ്പോൾ… (ജനറൽ പർവേസ് മുഷറഫ്) എന്നെ പുറത്താക്കി. പിന്നീട് ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു,” നവാസ് ഷെരീഫ് പറഞ്ഞു.  1999 മെയ് മൂന്ന് ആരംഭിച്ച കാര്‍ഗില്‍ യുദ്ധം 1999 ജൂലൈ 26 ഓടു കൂടിയാണ് അവസാനിക്കുന്നത്. മൂന്ന് മാസത്തിനിടെ ഇരുവശത്തുമായി ഏതാണ്ട് 2000 ത്തിനും 4000 ത്തിനും ഇടയില്‍ സൈനികര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമികളിലൊന്നായ കാര്‍ഗിലെ സൈനിക പോസ്റ്റുകളില്‍ നിന്നും മഞ്ഞ് കാലത്ത് ഇന്ത്യന്‍ സൈന്യം ഒഴിഞ്ഞ് പോയതിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം കൈയ്യടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തില്‍ നടന്ന കാര്‍ഗില്‍ യുദ്ധം പാകിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്ന ജനറല്‍ പർവേസ് മുഷറഫിന്‍റെ ആശയമായിരുന്നെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നു. 1990 കളുടെ ആരംഭത്തില്‍ പര്‍വേശ് രണ്ട് പാക് പ്രധാനമന്ത്രിമാരോട് കാര്‍ഗില്‍ ആക്രമണ പദ്ധതിയെ കുറിച്ച് സംസാരിച്ചിരുന്നെന്നും എന്നാല്‍ അന്ന് നടക്കാതെ പോയ പദ്ധതി പിന്നീട് 1999 ല്‍ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായപ്പോള്‍ നടത്തുകയായിരുന്നെന്നും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി ദില്ലിക്കും ലാഹോറിനും ഇടയില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കാര്‍ഗില്‍ ആക്രമണം. എന്നാല്‍ സൈന്യത്തിന്‍റെ യുദ്ധ പദ്ധതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഷെരീഫ് അന്ന് പറഞ്ഞത്. പുതിയ വെളിപ്പെടുത്തലോടെ പാക് സൈന്യത്തിന്‍റെ യുദ്ധ പദ്ധതിയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ നവാസ് ഷെരീഫിന് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇതേ സമയം കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീരാജ്യങ്ങളുമായി പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തണമെന്നും നവാസ് പറഞ്ഞു. 

Hot Topics

Related Articles