Friday, November 1, 2024
spot_img

വനിതാ പ്രീമിയര്‍ ലീഗ് താരലേലം, മലയാളിത്തിളക്കം; എസ് സജ്‌ന മുംബൈ ഇന്ത്യന്‍സില്‍

മുംബൈ: വനിത പ്രീമിയര്‍ ലീഗ് (വനിത ഐപിഎല്‍) താരലേലത്തില്‍ മലയാളിയായ എസ് സജ്‌നയെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 15 ലക്ഷം രൂപയ്‌ക്കാണ് സജ്‌ന മുംബൈയുടെ കൂടാരത്തിലെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് സജ്നയ്‌ക്കായി രംഗത്തുണ്ടായിരുന്ന മറ്റൊരു ടീം. 

22 വയസ് മാത്രമുള്ള ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അനബെല്ല സതര്‍ലൻഡിനെ രണ്ട് കോടി രൂപയ്‌ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയതാണ് താരലേലത്തിന്‍റെ തുടക്കത്തില്‍ ഏറ്റവും ശ്രദ്ധേമായത്. 40 ലക്ഷം രൂപയായിരുന്നു അനബെല്ലയുടെ അടിസ്ഥാന വില. താരലേലത്തില്‍ അനബെല്ലയ്‌ക്കായി ശക്തമായ വിളി നടക്കുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേശവീ ഗൗതത്തിനും ലേലത്തില്‍ രണ്ട് കോടി രൂപ ലഭിച്ചു. 10 ലക്ഷം മാത്രം അടിസ്ഥാന മൂല്യമുണ്ടായിരുന്ന താരത്തെ ഗുജറാത്ത് ജയന്‍റ്സ് പാളയത്തിലെത്തിച്ചു. 10 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ ബാറ്റര്‍ വൃന്ദ ദിനേശിനെ യുപി വാരിയേഴ്‌സ് ഒന്നര കോടിക്ക് സ്വന്തമാക്കിയതും ശ്രദ്ധേയമായി. 

വനിത പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം സീസണ് മുന്നോടിയായുള്ള താരലേലം മുംബൈയിലാണ് നടക്കുന്നത്. 104 ഇന്ത്യൻ താരങ്ങളും അറുപത്തിയൊന്ന് വിദേശ താരങ്ങളും ഉൾപ്പടെ 165 പേരാണ് ലേലപട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 30 താരങ്ങൾക്ക് വേണ്ടിയാണ് അഞ്ച് ഫ്രാഞ്ചൈസികൾ വാശിയേറിയ ലേലം വിളിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്‍റ്സ്, യുപി വാരിയേഴ്സ് എന്നിവയാണ് വനിതാ ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍. എസ് സജ്‌ന അടക്കം നാല് മലയാളി താരങ്ങളുടെ പേരുകള്‍ ലേലത്തിലുണ്ട്. 

സ്പോർട്സ് 18 ചാനല്‍ വഴിയും ജിയോ സിനിമയുടെ ആപ്ലിക്കേഷനും വെബ്സൈറ്റും വഴിയും വനിത പ്രീമിയർ ലീഗ് 2024 താരലേലം തല്‍സമയം ആരാധകര്‍ക്ക് കാണാം. 

Hot Topics

Related Articles