Thursday, November 28, 2024
spot_img

കൃഷ്ണപ്രസാദിനും രോഹൻ കുന്നുമ്മലിനും സെഞ്ചുറി; നിർണായക കളിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് റെക്കോർഡ് സ്കോർ


വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് റെക്കോർഡ് സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടി. ഇന്ത്യക്കായി രണ്ട് ഓപ്പണർമാരും സെഞ്ചുറി നേടി. 136 പന്തിൽ 144 റൺസ് നേടിയ കൃഷ്ണപ്രസാദ് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. രോഹൻ കുന്നുമ്മൽ 95 പന്തിൽ 120 റൺസ് നേടി പുറത്തായി. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം ശ്രദ്ധാപൂർവമാണ് തുടങ്ങിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ മഹാരാഷ്ട്ര ബൗളർമാർ കേരള ഓപ്പണർമാരെ നിയന്ത്രിച്ചുനിർത്തി. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന സഖ്യം വൈകാതെ ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. ടൂർണമെൻ്റിൽ ഇതുവരെ ഒരു ഫിഫ്റ്റി പോലുമില്ലാതിരുന്ന രോഹനെ ഒരുവശത്ത് നിർത്തി കൃഷ്ണ പ്രസാദ് ആണ് ആദ്യ ഘട്ടത്തിൽ സ്കോർ ഉയർത്തിയത്. സാവധാനം രോഹനും ഫോമിലേക്കെത്തിയതോടെ കേരളം കുതിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആക്രമണ മോഡിലേക്ക് മാറിയ രോഹൻ സീസണിലെ ആദ്യ സെഞ്ചുറി തികച്ചു. വൈകാതെ കൃഷ്ണ പ്രസാദ് തൻ്റെ ലിസ്റ്റ് എ കരിയറിലെ ആദ്യ സെഞ്ചുറിയും കണ്ടെത്തി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ രോഹൻ അസിം കാസിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ആദ്യ വിക്കറ്റിൽ 218 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടൊരുക്കിയ ശേഷമാണ് രോഹൻ മടങ്ങിയത്.

മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും അനായാസം ബാറ്റ് ചെയ്തു. 25 പന്തിൽ 29 റൺസ് നേടിയ സഞ്ജുവിനെക്കാൾ കൃഷ്ണ പ്രസാദ് ആയിരുന്നു ആക്രമണകാരി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സഞ്ജുവും മടങ്ങി. രണ്ടാം വിക്കറ്റിൽ കൃഷ്ണ പ്രസാദുമൊത്ത് 74 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് സഞ്ജു പുറത്തായത്. ഏറെ വൈകാതെ കൃഷ്ണ പ്രസാദിനും വിക്കറ്റ് നഷ്ടമായി. സിക്സറിനു ശ്രമിച്ച കൃഷ്ണപ്രസാദ് പ്രദീപ് ദാധെയുടെ ഇരയായി മടങ്ങുകയായിരുന്നു.

അവസാന ഓവറുകളിൽ തുടർ ബൗണ്ടറികളുമായി തിളങ്ങിയ വിഷ്ണു വിനോദും അബ്ദുൽ ബാസിത്തും ചേർന്നാണ് കേരളത്തെ 350 കടത്തിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 23 പന്തിൽ 43 റൺസ് നേടിയ വിഷ്ണു 49ആം ഓവറിലെ അവസാന പന്തിൽ പുറത്തായി. 18 പന്തിൽ 35 റൺസ് നേടിയ അബ്ദുൽ ബാസിത്ത് നോട്ടൗട്ടാണ്.

Hot Topics

Related Articles