ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിട്ട് നിൽക്കുന്ന ടാറ്റ ഇപ്പോൾ മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് മോഡൽ കൂടി നിരത്തിൽ എത്തിക്കാനൊരുങ്ങുകയാണ്. വാഹനത്തിന്റെ പരീക്ഷണയോട്ടം നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ച് ഇവിയുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നിട്ടുണ്ട്.
പൂർണമായി മൂടിയക്കെട്ടിയ നലയിലുള്ള വാഹനത്തിന്റെ ഇ.ഡി. ഡി.ആർ.എൽ മാത്രമാണ് ചിത്രങ്ങളിൽ കാണുന്നത്. നെക്‌സോൺ ഇ.വിയിലേത് പോലെ എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ഹെഡ്‌ലാമ്പ് ആയിരിക്കും ഈ വാഹനത്തിലും നൽകുക. റെഗുലർ പഞ്ചിൽ നിന്ന് ഡിസൈൻ മാറ്റം വരുത്തിയിട്ടുള്ള ബമ്പറാണ് പിന്നിലുള്ളത്. വേരിയന്റുകൾക്ക് അനുസരിച്ച് അലോയി വീലുകൾ, വീൽ കവറുകൾ എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ടിഗോർ ഇലക്ട്രിക്കുമായി മെക്കാനിക്കൽ ഫീച്ചേഴ്‌സ് പങ്കിട്ടായിരിക്കും പഞ്ച് ഇ.വി. എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഇലുമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ പുതിയ ടൂ സ്‌പോക്ക് സ്റ്റിയറിങ്ങ് വീൽ എന്നിവ പഞ്ച് ഇവിയിൽ ഉണ്ടാകും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, വയർലെസ് ചാർജിങ്ങ് തുടങ്ങിയവയും ഉണ്ടാകുമെന്നാണ് സൂചന.