സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ഫാറൂഖ് കോളേജ്. പരിപാടി മാറ്റിവെച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാൻ എന്നാണ് കോളേജിന്റെ വിശദീകരണം. വിദ്യാർഥി യൂണിയൻ പ്രതിഷേധ പരിപാടി നടത്തുമെന്നും സഹകരിക്കില്ലെന്നും അറിയിച്ചെന്നും കോളേജ് അധികൃതർ പറയുന്നു.
കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. കോളേജ് മാനേജ്മെന്റിനെതിരെ ജിയോ ബേബി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിക്കുന്നതെന്ന് ജിയോ ബേബി സോഷ്യൽമീഡിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
സംഭവത്തിൽ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം കോളേജ് പ്രിൻസിപ്പൽ ഐഷ സ്വപ്‌നയെ ബന്ധപ്പെട്ടെങ്കിലും പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മറുപടി. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചെന്നാണ് ജിയോ ബേബി പറയുന്നത്. താൻ അപമാനിതനായെന്ന് ജിയോ ബേബി വീഡിയോയിൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.