കൊല്‍ക്കത്ത: അടുത്ത ഐപിഎൽ സീസണില്‍ കളിക്കാനൊരുങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. പരിക്കില്‍ നിന്ന് മുക്തനായ റിഷഭ് പന്ത് ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള കഠിനപരിശ്രമത്തിലാണിപ്പോൾ. കഴിഞ്ഞ വർഷം ഡിസംബറിലുണ്ടായ കാര്‍ അപകടമാണ് റിഷഭ് പന്തിന്‍റെ ജീവിതം തകിടം മറിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് പിന്നീട് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി.കൊൽക്കത്തയിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ പരിശീലന ക്യാമ്പിലാണിപ്പോൾ റിഷഭ് പന്ത്. വരുന്ന ഐപിഎല്‍ സീസണില്‍ കളിക്കാനാവുമെന്നാണ് റിഷഭ് പന്തിന്‍റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം ജിമ്മില്‍ ഭാരം ഉയര്‍ത്തുന്നതിന്‍റെയും സൈക്ലിംഗ് ചെയ്യുന്നതിന്‍റെയും വീഡിയോ റിഷഭ് പന്ത് പങ്കുവെച്ചിരുന്നു. പന്തിന് ഐപിഎല്ലില്‍ കളിക്കാനാകുമെന്ന് ഡല്‍ഹി ടീം മെന്‍ററായ സൗരവ് ഗാംഗുലിയും നേരത്തെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിനെതിരായ മിർപൂർ ടെസ്റ്റിലാണ് പന്ത് അവസാനമായി കളിച്ചത്. പിന്നീട് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമെല്ലാം പന്തിന് നഷ്ടമായി. ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയില്‍ തിരിച്ചുവരുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും ഏപ്രിലില്‍ ഐപിഎല്ലില്‍ മാത്രമെ റിഷഭ് പന്തിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കാണാനാകു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു റിഷഭ് പന്ത്.ഇരുപത്തിയാറുകാരനായ പന്ത് 33 ടെസ്റ്റിൽ 2271 റൺസും 30 ഏകദിനത്തിൽ 865 റൺസും 66 ടി20 യിൽ 987 റൺസും ഇന്ത്യക്കായിനേടിയിട്ടുണ്ട്. ഐപിഎല്ലിൽ 98 മത്സരങ്ങളിൽ 2838 റൺസാണ് പന്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തിന്‍രെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.