Thursday, November 28, 2024
spot_img

ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി സെന്തില്‍ കുമാർ‍

ദില്ലി: ഡിഎംകെ  എംപിയുടെ ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം. വടക്കേ ഇന്ത്യയെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അപമാനിക്കുകയാണെന്ന് ആരോപിച്ചുള്ള ബിജെപി പ്രതിഷേധത്തിൽ സഭ പല തവണ തടസ്സപ്പെട്ടു. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നെതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു. അതിനിടെ, വിവാദ പരാമര്‍ശത്തില്‍ ഡിഎംകെ എംപി സെന്തില്‍ കുമാർ‍ പാര്‍ലമെന്‍റില്‍ ഖേദം  പ്രകടിപ്പിച്ചു. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരാമർശം പിൻവലിക്കുന്നുവെന്നും സെന്തില്‍ കുമാർ‍ പറഞ്ഞു. സഭ രേഖകളില്‍ നിന്ന് നീക്കണമെന്നും സെന്തില്‍ കുമാർ ആവശ്യപ്പെട്ടു. പരാമർശത്തില്‍ ഭരണപക്ഷത്തിന്‍റെ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് നടപടി.

ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും  താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയ  പ്രസംഗം അടക്കം ചൂണ്ടിക്കാട്ടിയാണ്  പ്രതിപക്ഷത്തിനെതിരെ ബിജെപി ആക്രമണം കടുപ്പിക്കുന്നത്.  ഇന്ത്യയെ വിഭജിക്കാനാണ്  കോണ്‍ഗ്രസും രാഹുലും ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. ഗോമൂത്ര സംസ്ഥാനങ്ങളാണ് ബിജെപിയുടെ കൂടെ നില്ക്കുന്നതെന്ന പരാമർശത്തിൽ ഡിഎംകെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും അർജുൻ റാം മേഘ്‍വാളും ലോക്സഭയില്‍ ആവശ്യപ്പെട്ടു.  ബിജെപി എംപിമാരുടെ മുദ്രാവാക്യം വിളിക്കെതിരെ  പ്രതിപക്ഷവും രംഗത്ത് വന്നതോടെ ലോക്സഭ നിര്‍ത്തിവെക്കുകയായിരുന്നു.

ഇന്നലെ ലോക്സഭയിലെ പ്രസംഗത്തിനിടെയാണ് ഡിഎംകെ എംപി  സെന്തില്‍ കുമാർ ഗോമൂത്ര പരാമർശം നടത്തിയത്.  ഇത് വിവാദമായതോടെ പിന്നീട് സെന്തില്‍ കുമാർ മാപ്പ് പറഞ്ഞു.  നേരത്തെ ഉദയനിധി സ്റ്റാലിൻ നടത്തിയ. സനാതന പരാർമശം ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയിരുന്നു. തെക്കേ ഇന്ത്യ ബിജെപിയെ പ്രതിരോധിച്ചു എന്ന പ്രചാരണം ശക്തമാകുന്നത് വടക്കേ ഇന്ത്യയിലെ വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള ആയുധമാക്കുകയാണ് ബിജെപി. 

Hot Topics

Related Articles