Thursday, November 28, 2024
spot_img

ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്

ജീവിതസാഹചര്യം മൂലം കുട്ടിക്കാലത്തെ സ്‌കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രൻസിന് പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന പറഞ്ഞത്.ഏഴുജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസം. എന്നാൽ അദ്ദേഹത്തിന് ഉടൻ 7 ജയിച്ച് 10 ലേക്ക് പ്രവേശിക്കാൻ വേണ്ട പഠന സൗകര്യങ്ങൾ ചെയ്യും. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് ഇളവുനൽകും. സ്വന്തം ജീവിതം തുറന്നുപറയാൻ ഒരുമടിയുമില്ലാത്ത ഇന്ദ്രൻസിനെ പത്താംക്ലാസ് ജയിപ്പിക്കുമെന്ന വാശിയിലാണ് സംസ്ഥാന സാക്ഷരതാമിഷൻ.

ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകുമെന്ന് ഒലീന പറഞ്ഞു. കൂടാതെ സിനിമ ഷൂട്ടിങ്ങിനു പോകുമ്പോഴും അദ്ദേഹത്തിന് സാക്ഷരതാ മിഷന്റെ യൂട്യൂബ് ഓൺലൈൻ ചാനലിലൂടെ പഠിക്കാനാകുമെന്നും ഒലീന പറഞ്ഞു. ഷൂട്ടിങ് തിരക്കുള്ളതിനാൽ എല്ലാ ഞായറാഴ്ചയും മെഡിക്കൽ കോളജ് ഗവ. സ്‌കൂളിലെ സെന്ററിൽ എത്താനാവില്ല. പഠനത്തിന് സ്‌പെഷ്യൽ ക്ലാസ് ഏർപ്പെടുത്തുന്നതടക്കം പരിഗണനയിലാണെന്നും പ്രൊഫ. എ.ജി. ഒലീന പറഞ്ഞു.

നവകേരളസദസിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. യു.പി. പഠനത്തിന്റെ കൂടുതൽരേഖകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന്‌ ഇന്ദ്രൻസിനെ തുടർപഠനത്തിന് പ്രേരിപ്പിച്ച മെഡിക്കൽ കോളജ് വാർഡ് കൗൺസിലറും സുഹൃത്തുമായ ഡി.ആർ. അനിൽ പറഞ്ഞു.

Hot Topics

Related Articles