Friday, November 1, 2024
spot_img

ഇന്ന് ഹാജരാകണം, സിപിഎം ജില്ലാ സെക്രട്ടറിയോട് ഇഡി; മുഖ്യമന്ത്രിയുടെ നവകേരള സദസുണ്ടെന്ന് മറുപടി 

കൊച്ചി : കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നി‍ർദ്ദേശം. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നൽകി വിളിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കണ്ടതിനാൽ ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വർഗീസ് അന്വഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി നിലപാട്. 

കരുവന്നൂർ ബാങ്കിൽ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇതുവഴി വൻ തുകയുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂരിലെ ബെനാമി വായ്പ അനുവദിച്ചതിലുള്ള കമ്മീഷൻ തുകയാണിതെന്നാണ് ഇഡി വാദം. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും വേണമെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയോട് വിവരം തിരക്കുവെന്നുമായിരുന്നു മറുപടി.

കരുവന്നൂരിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ആരോപണം. ജില്ലാ നേതൃത്വം നേരിട്ട് കൈകാര്യം ചെയ്ത അക്കൗണ്ടുകൾ കരുവന്നൂരിൽ ഉണ്ടെന്നും ബെനാമി ലോൺ അനുവദിച്ചതിനുള്ള കമ്മീഷൻ ഈ  അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി പറയുന്നത്. 

സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ട് അക്കൗണ്ടുകൾ കരുവന്നൂർ ബാങ്കിൽ ഉണ്ടെന്നാണ് ബാങ്ക്  സെക്രട്ടറി ഹാജരാക്കിയ രേഖകളിലുള്ളത്. ഈ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ വൻ തുകയുടെ ഇടപാടുകൾ നടന്നതായും ബാങ്ക് ക്രമക്കേട് പുറത്ത് വന്നതോടെ 90 ശതമാനം തുകയും പിൻവലിച്ചെന്നും കണ്ടെത്തി, കേസിലെ പ്രധാന സാക്ഷി നൽകിയ മൊഴിയിൽ കരുവന്നൂർ ബാങ്കിൽ നിന്ന് ക്രമവിരുദ്ധമായി കോടികളുടെ ലോൺ നേടിയവർ സിപിഎം അക്കൗണ്ടിലേക്ക ആദ്യം കമ്മീഷൻ നൽകിയിരുന്നെന്നും ബാക്കി തുകയാണ് വ്യക്തികൾക്ക് ലഭിച്ചതെന്നുമാണ് വിവരമെന്നും ഇഡി പറയുന്നു. 

ബാങ്കിൽ നിന്ന് ലോൺ അനുവദിക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചിരുന്നതായും ഇതിന് മിനുട്സ് ഉണ്ടെന്നും നേരത്തെ മുൻ മാനേജർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം ഇഡി കോടതിയെയും അറിയിച്ചിരുന്നു. അക്കൗണ്ടിലെ തുക എങ്ങനെ വന്നു എവിടേക്ക് പോയി എന്നതിലാണ് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. എന്നാൽ അക്കൗണ്ട് വിവരം സമ്മതിച്ച വർഗീസ് മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്ന മറിപടിയാണ് നൽകിയത്. കൂടുതൽ അറിയാൻ സിപിഎം സംസ്ഥാന സെക്രട്ടരിയോട് ചോദിക്കണം എന്ന മറുപടിയും നൽകി. എന്നാൽ ജില്ലാ സെക്രട്ടറിയ്ക്ക് അക്കൗണ്ടിന്‍റെ വിവരം നൽകാൻ ബാധ്യതയുണ്ടെന്നും അടുത്ത ചൊവ്വാഴ്ച ഈ രേഖകളുമായി ഹാജരാകണമെന്നുമാണ് ഇഡി നിർദ്ദേശം. ഇതിനാണ് നവ കേരള സദസുണ്ടെന്ന മറുപടി നൽകിയത്. 

Hot Topics

Related Articles