Friday, November 1, 2024
spot_img

ഐ ടി രംഗത്ത്‌ കുതിപ്പ്

കൊച്ചി> ഐടിയിൽ പുതിയ അധ്യായം രചിച്ച്‌ കേരളം.  ഐടി പാർക്കുകളിൽ ഒരുകോടിയിലേറെ ചതുരശ്രഅടി സ്ഥലസൗകര്യമാണ് എൽഡിഎഫ്‌ സർ‌ക്കാർ വർധിപ്പിച്ചത്. ഐടി മേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിച്ച് യുവ പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ തൊഴിലെടുക്കാൻ അവസരമൊരുക്കുകയാണ് സർക്കാർ.

തിരുവനന്തപുരം ടെക്‌നോപാർക്ക് ഒരുകോടി ചതുരശ്ര അടി ഐടി സ്‌പെയ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടു. 105 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം (കബനി) പൂർത്തിയായി.  2021 ൽ മുൻവർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വർധനയോടെ 8501 കോടി രൂപയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി ചെയ്തു. 10.33 ഏക്കറിൽ 80 കോടി രൂപ മുതൽമുടക്കിൽ ഡിജിറ്റൽ സർവകലാശാലയുടെ  പ്രവർത്തനവും തുടങ്ങി.
കൊച്ചി ഇൻഫോപാർക്കിൽ എൽഡിഎഫ് ഭരണകാലത്ത് ഐ ടി ഇടം 60 ലക്ഷത്തിൽനിന്ന്‌ 92 ലക്ഷം ചതുരശ്ര അടിയിലേക്ക് വികസിപ്പിച്ചു.  ലുലു ടെക് പാർക്ക്, ട്രാൻസ് ഏഷ്യ ഐടി പാർക്ക്, ബ്രി​ഗേഡ് വേൾഡ് ട്രേഡ് സെന്റർ എന്നിവയുടെ നിർമാണം പൂർത്തിയായി. ആ​ഗോള കമ്പനിയായ ഐബിഎസിന്റെ ആറുലക്ഷം ചതുരശ്ര അടിയിലുള്ള ഐടി ക്യാമ്പസിന്റെ ഒന്നാംഘട്ടം പൂർത്തിയാകുകയാണ്. ഇൻഫോപാർക്കിൽ വിവിധ ക്യാമ്പസുകളിലായി നിലവിൽ 92.62 ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ട്‌.

കോഴിക്കോട് സൈബർ പാർക്കും അഞ്ചുവർഷത്തിനുള്ളിൽ ആ​ഗോളനിലവാരത്തിലേക്ക് ഉയർത്തും. ടെക്നോപാർക്ക് മൂന്നാംഘട്ട വികസനം, കണ്ണൂരും കൊല്ലത്തും ഐടി പാർക്കുകൾ, ഐടി ഇടനാഴികൾ എന്നിങ്ങനെ ബഹുമുഖവികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വമ്പന്മാർ കേരളത്തിലേക്ക്

ക്കോവിഡ് കാലത്ത് ടെക്നോപാർക്കിൽ 41, ഇൻഫോപാർക്കിൽ 100, സൈബർ പാർക്കിൽ 40 എന്നിങ്ങനെ മൂന്ന് ഐടി പാർക്കുകളിലുമായി 181 പുതിയ കമ്പനികൾ കേരളത്തിലേക്കെത്തി. ഇതിലൂടെ 10,400 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു.  ഇതിൽ ന്യൂയോർക്ക് ആസ്ഥാനമായ ഐബിഎം, യുഎസിലെ അജിലൈറ്റ് ​ഗ്രൂപ്പ് തുടങ്ങിയവയും ഉൾപ്പെടുന്നു.

എൽഡിഎഫ് സർക്കാർ വന്നശേഷം ടിസിഎസ്, ടെറാ നെറ്റ് പോലുള്ള വൻകിടക്കാർ അടക്കം  മുന്നൂറോളം കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന്‌ തയ്യാറായി.  സ്റ്റാർട്ടപ് രം​ഗത്തും വിസ്മയകരമായ കുതിപ്പാണ് നടത്തിയത്‌. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷത്തിൽത്തന്നെ 850 സ്റ്റാർ‌ട്ടപ്പ്‌ ആരംഭിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സ്റ്റാർട്ടപ്പുകൾ 300ൽനിന്ന് നാലായിരത്തിലേക്ക് ഉയർന്നു.

Hot Topics

Related Articles