Thursday, November 28, 2024
spot_img

വായനയുടെ പുതിയലോകം തുറക്കുന്നു

നമുക്ക്‌ അന്യമായ ഭൂമികകളിലേക്ക്‌, ലോകങ്ങളിലൂടെ സംസ്‌കാരങ്ങളിലേക്ക്‌, മനുഷ്യരിലേക്ക്‌ തുറന്നുവയ്‌ക്കുന്ന വാതായനമാണ്‌ വായന. ആ അർഥത്തിൽ ദേശകാലങ്ങൾക്കും ഭാവഭേദങ്ങൾക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന അനുഭൂതിയാണ്‌ വായന. ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ള സാമൂഹ്യ പുരോഗതിയുടെയും സാംസ്‌കാരിക മുന്നേറ്റങ്ങളുടെയും ആശയപരിസരങ്ങൾ വികസ്വരമായത്‌ വായനയിലൂടെയാണ്‌. അതുകൊണ്ടാണ്‌ പുസ്‌തകം മികച്ചൊരു സാംസ്‌കാരിക ഉപകരണമായും വായിക്കുന്ന മനുഷ്യന്‌ അത്‌ ഒരായുധമായും മാറുന്നത്‌.  ബ്രഹ്ത് ‌ ഈ സത്യം കണ്ടെത്തിയതുകൊണ്ടാണ്‌ പട്ടിണിക്കാരനായ മനുഷ്യനോട്‌ പുസ്‌തകം കൈയിലെടുത്തുകൊള്ളാൻ ആഹ്വാനം ചെയ്‌തത്‌.

മാനവചരിത്രത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലായിരുന്നു അക്ഷരങ്ങളും പുസ്‌തകങ്ങളും. വാക്കുകളുടെ ഉയിർത്തെഴുന്നേൽപ്പ്‌ ചിഹ്നങ്ങളായും ചിത്രങ്ങളായും സൂക്ഷിച്ചുവയ്‌ക്കുന്ന സാങ്കേതികവിദ്യയാണ്‌ മാനവചരിത്രത്തിലെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നായിമാറിയത്‌. സൂക്ഷിച്ചുവച്ചതിന്റെ വിനിമയത്തിനുള്ള സൂക്ഷ്‌മമായ ഉപാധിയായിട്ടാണ്‌ എഴുത്തും വായനയും വളർന്നുവന്നത്‌. ക്രിസ്‌തുവിനും 2000 വർഷംമുമ്പേ കളിമണ്ണിൽ ചിത്രങ്ങൾ മെനഞ്ഞുവയ്‌ക്കപ്പെടുന്നുണ്ടായിരുന്നു. പാപ്പിറസ്‌ റോളുകളിൽ മരങ്ങളുടെയും ഇലകളുടെയും കറ ഉപയോഗിച്ച്‌ ചിഹ്നങ്ങൾ വരച്ചുവയ്‌ക്കുന്നത്‌ എഡി ഏഴാം നൂറ്റാണ്ടുവരെ നിലനിന്നു. തുടർന്ന്‌ താളിയോലകളിലെ എഴുത്ത്‌ കൂടുതൽ സൗകര്യപ്രദവും വ്യക്തവുമാണെന്ന തിരിച്ചറിവുണ്ടായി. 15–-ാം നൂറ്റാണ്ടോടെ അച്ചടിയന്ത്രങ്ങളുടെ കണ്ടുപിടിത്തം വൻ വിപ്ലവത്തിന്‌ തുടക്കംകുറിച്ചു. കളർ ചിത്രങ്ങളും സാങ്കേതിക മികവുള്ള അച്ചടിയും ഓഫ്‌സെറ്റ്‌ സാങ്കേതികവിദ്യയും 20–-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ യാഥാർഥ്യമായി. 21–-ാം നൂറ്റാണ്ടാകുമ്പോഴേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ വായന ചേക്കേറുകയാണ്‌. ആധുനിക ലോകത്തെക്കുറിച്ചുള്ള കൂടുതൽ അറിവ്‌ ആർജിക്കാൻ ഇത്‌ സഹായകമായി.

ബൗദ്ധികമണ്ഡലത്തിൽ വികസിച്ചുവന്ന അറിവുകളുടെ ആദ്യരൂപങ്ങൾ തത്ത്വചിന്തകളും ദർശനങ്ങളുമായാണ്‌ രൂപപ്പെട്ടത്‌. ദാർശനികരംഗത്ത്‌ ലോകത്ത്‌ വലിയ സംഭാവന നൽകിയ ഗ്രീക്ക്‌ തത്ത്വചിന്ത സംസ്‌കാരത്തെക്കുറിച്ച്‌ പുതിയ വെളിപാടുകളാണ്‌ മുന്നോട്ടുവച്ചത്‌. പ്രാചീന കാലഘട്ടത്തിലെ മനുഷ്യർക്ക്‌ ഉണ്ടായിരുന്ന അപൂർണവും വികലവുമായ ധാരണകളെയാണ്‌ ഗ്രീക്ക്‌ ചിന്തകന്മാർ തിരുത്തിയെഴുതിയത്‌. എന്നാൽ, മാർക്‌സിന്റെ രംഗപ്രവേശത്തോടെ 19––ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ സാമൂഹ്യവികാസത്തിന്റെ ശാസ്‌ത്രീയധാരണകൾ രൂപപ്പെട്ടുതുടങ്ങി. ആശയങ്ങൾ ആവിഷ്‌കരിക്കപ്പെട്ടു കഴിയുന്നതോടുകൂടി അതൊരു ഭൗതികവസ്‌തുവായി പരിണമിക്കുന്നുവെന്നും വിജ്ഞാനം ഉൾപ്പെടെയുള്ള എല്ലാ ഭൗതികവസ്‌തുക്കളെയും നിയന്ത്രിക്കുന്നത്‌ അതതുകാലത്തെ അധികാരശക്തികളാണ്‌ എന്നുമുള്ള നിഗമനം രൂപപ്പെട്ടു. ലോകത്ത്‌ വൈജ്ഞാനികരംഗത്തും സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിലും പുതിയൊരു യുഗത്തിന്‌ തുടക്കംകുറിക്കാൻ ഇവരുടെ കൃതികൾക്കായി. സാമൂഹ്യമാറ്റത്തിന്റെ ഉപാധികളായി അക്ഷരങ്ങളും പുസ്‌തകങ്ങളും മാറുന്നത്‌ ഇതോടുകൂടിയാണെന്ന്‌ പറയാം. മധ്യകാലഘട്ടത്തിൽ യൂറോപ്പിലും ഇന്ത്യയിലുമെല്ലാം ആരാധനാലയങ്ങൾ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകേന്ദ്രങ്ങളുമായിരുന്നു. പക്ഷേ, മതപരമായ വായനയുടെ സീമകൾക്കപ്പുറത്തേക്ക്‌ ശാസ്‌ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മണ്ഡലത്തിലേക്ക്‌ പ്രവേശിക്കാൻ മതപരമായ വായനയ്‌ക്ക്‌ സാധിക്കുമായിരുന്നില്ല. പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും മനുഷ്യന്റെ ഉൽപ്പത്തിയെക്കുറിച്ചുമൊക്കെ അശാസ്‌ത്രീയമായ ധാരണകളാണ്‌ മതപരമായ വായന പകർന്നുനൽകിയത്‌.

ജനകീയ വിദ്യാഭ്യാസവും ജനകീയ സാഹിത്യവും യാഥാർഥ്യമായതോടെ സാമൂഹ്യമാറ്റത്തിന്റെ പടവാളായി പുസ്‌തകങ്ങൾ മാറുകയായിരുന്നു. ലോകത്ത്‌ സാമൂഹ്യവിപ്ലവങ്ങൾക്ക്‌ അടിത്തറയൊരുക്കിയ സാഹിത്യസൃഷ്ടികളും എഴുത്തുകാരുമുണ്ട്‌. വിപ്ലവത്തിന്റെ പാഠപുസ്‌തകം എന്നാണ്‌ മാക്‌സിം ഗോർക്കിയുടെ അമ്മ എന്ന നോവലിനെ ലെനിൻ വിശേഷിപ്പിച്ചത്‌. ഇതുപോലെ എത്രയോ കൃതികൾ സൃഷ്ടിച്ച വൈകാരികവും കാൽപ്പനികവുമായ അനുഭവ പരിസരങ്ങളിലൂടെയുമാണ്‌ സമൂഹം മുന്നേറിയത്‌. 17––ാം നൂറ്റാണ്ടിൽ അമേരിക്കയിലും യൂറോപ്പിലും 19––ാം നൂറ്റാണ്ടോടെ ഇന്ത്യയിലും ഗ്രന്ഥാലയങ്ങൾ ഉയർന്നുവരാൻ തുടങ്ങിയത്‌ ഈ പശ്ചാത്തലത്തിലാണ്‌. നവോത്ഥാനകാലത്തും ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലും ഗ്രന്ഥശാലകളും വായനയും സാർവത്രികമാകാൻ കാരണമായതും ഇതുതന്നെ.

19––ാം നൂറ്റാണ്ടുമുതൽ തന്നെ കേരളത്തിലും ഗ്രന്ഥശാലകൾ രൂപംകൊണ്ടുതുടങ്ങിയിരുന്നു.     20––ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്‌ ഗ്രാമീണ ഗ്രന്ഥശാലകൾ കേരളത്തിൽ വ്യാപകമായി സ്ഥാപിക്കപ്പെടുന്നത്‌. നവോത്ഥാന ചിന്തകളിലൂടെ മാനവികമൂല്യങ്ങളുടെ ലോകത്തേക്ക്‌ മലയാളി പ്രവേശിക്കപ്പെടുകയായിരുന്നു. നവകേരളത്തിലേക്കുള്ള ഈ യാത്രയ്‌ക്ക്‌ ഊർജംപകർന്നത്‌ ഗ്രന്ഥശാലകളും വായനയുമായിരുന്നു.
പുതിയ കാലഘട്ടത്തിൽ വായനയുടെ വിതാനങ്ങളെക്കുറിച്ച്‌ പുതിയ നിരീക്ഷണങ്ങൾ ഉയർന്നുവരുന്നുണ്ട്‌. വായനയുടെ രീതിസമ്പ്രദായങ്ങളിൽ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിലും പുസ്‌തകങ്ങളും പത്രങ്ങളും ആനുകാലികങ്ങളുമൊന്നുംതന്നെ മാറ്റിവയ്‌ക്കപ്പെടുന്നില്ല. അത്‌ ഓരോ വർഷവും വർധിച്ചുവരികയുമാണ്‌. 21–-ാം നൂറ്റാണ്ടിലും വിജ്ഞാനവിതരണരംഗത്ത്‌ പുസ്‌തകങ്ങളുടെ പ്രാധാന്യം ആരും തള്ളിക്കളയുന്നില്ല. എന്നാൽ, പുതിയകാലത്ത്‌ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക്‌ മാറുന്ന വായനയും മാറ്റിവയ്‌ക്കപ്പെടാവുന്നതല്ല. ഡിജിറ്റൽ പുസ്‌തകങ്ങൾ മാത്രമല്ല, ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളും ഒരു വ്യവസായമായി വളർന്നുകൊണ്ടിരിക്കുന്നു.

അച്ചടിമാധ്യമങ്ങളിൽനിന്ന്‌ ഡിജിറ്റൽ മാധ്യമങ്ങളിലേക്കുള്ള മാറ്റം വായനയുടെ ലോകത്ത്‌ കൂടുതൽ ആളുകളെ എത്തിക്കാനായി. എന്നാൽ, ഇന്ത്യയിൽ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ അതിന്റെ പ്രാരംഭദശയിലാണ്‌. 2025 ആകുമ്പോഴേക്കും ഡിജിറ്റൽ മേഖലയുടെ വളർച്ച 25 ശതമാനത്തിനുമുകളിൽ എത്തിച്ചേരുമെന്നാണ്‌ റിപ്പോർട്ട്‌. വായനയ്‌ക്ക്‌ ചെലവ്‌ കുറവാണെന്നതും വേഗം കൂടുതലാണെന്നതും ഇ- വായനയുടെ പ്രത്യേകതയാണ്‌. സ്‌മാർട്ട്‌ ഫോൺ, ടാബ്‌, ലാപ്‌ടോപ്, കെന്റിൽ തുടങ്ങിയ മാധ്യമങ്ങളും ആവശ്യമുള്ള വിഭവങ്ങൾ ലോകത്തെവിടെനിന്നും വളരെ വേഗത്തിൽ സംഭരിക്കാനാകുമെന്നതും ഇ- വായനയുടെ സൗകര്യംകൂടിയാണ്‌. ഇനി വായനയ്‌ക്ക്‌ അച്ചടിച്ച പുസ്‌തകങ്ങളോടൊപ്പം മറ്റൊരു പ്രതലംകൂടിയുണ്ടാകുന്നു. വ്യത്യസ്‌തമായ രീതിസമ്പ്രദായങ്ങളിലൂടെയാണെങ്കിലും വായന സൃഷ്ടിക്കുന്ന അനുഭൂതിതലങ്ങൾ അസ്‌തമിക്കുന്നില്ല. മറ്റുള്ളവരുമായുള്ള അനുഭവങ്ങളുടെ പങ്കുവയ്‌ക്കൽ കൂടിയായി വായന മാറുന്നു. “രണ്ട്‌ വ്യക്തികൾ ഒരിക്കലും ഒരു പുസ്‌തകം വായിക്കുന്നില്ല’ എന്ന്‌ പ്രശസ്‌ത അമേരിക്കൻ നിരൂപകൻ എഡ്‌മുണ്ട്‌ വിൽസൺ നിരീക്ഷിക്കുന്നുണ്ട്‌. രണ്ടുപേർ ഒരു പുസ്‌തകം വായിക്കുന്നതും അനുഭവിക്കുന്നതും രണ്ടുതരത്തിലായിരിക്കും. വായിക്കാത്ത ഒരാൾ ഒരു ജീവിതംമാത്രം ജീവിക്കുമ്പോൾ വായനക്കാർ ഒരായിരം ജീവിതങ്ങൾ ജീവിക്കുന്നു. ഈ നിരീക്ഷണം മുന്നോട്ടുവച്ചത്‌ അമേരിക്കൻ എഴുത്തുകാരനായ ജോർജ്‌ ആർ ആർ മാർട്ടിനാണ്‌.

വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും ആശയശാസ്‌ത്രങ്ങൾ രാജ്യത്തിന്റെ ചിന്താമണ്ഡലത്തെ വികലമാക്കുകയും കാലം കുഴിച്ചുമൂടിയ അനാചാരങ്ങൾ പുനരവതാരം ചെയ്‌തുകൊണ്ടിരിക്കുകയുമാണ്‌. പ്രാചീന ഇന്ത്യയുടെ സാംസ്‌കാരിക ചിഹ്നങ്ങൾ ആധുനിക ഇന്ത്യയുടെ പൂമുഖത്ത്‌ പ്രതിഷ്‌ഠിക്കപ്പെടുന്നതിലൂടെ ഈ മാറ്റമാണ്‌ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്‌. രാജ്യത്തിന്റെ അഭിമാന സ്‌തംഭങ്ങളായി പരിലസിക്കേണ്ട ചരിത്രഗവേഷണ കൗൺസിൽ, യൂണിവേഴ്‌സിറ്റി ഗ്രാൻഡ്‌സ്‌ കമീഷൻ, നാഷണൽ കൗൺസിൽ ഓഫ്‌ എഡ്യൂക്കേഷണൽ റിസർച്ച്‌ ആൻഡ്‌ ട്രെയ്‌നിങ്‌, കേന്ദ്ര സാഹിത്യ അക്കാദമി, രാജാറാംമോഹൻ റോയ്‌ ലൈബ്രറി ഫൗണ്ടേഷൻ എന്നീ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങൾപോലും അബദ്ധവിശ്വാസങ്ങളുടെയും ശാസ്‌ത്രവിരുദ്ധതയുടെയും സംപ്രേഷണ കേന്ദ്രങ്ങളായി മാറുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിൽ കേരളത്തിന്റെ തനിമയാർന്ന സാംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും വായന ഇടങ്ങളായി നമ്മുടെ ഗ്രന്ഥശാലകൾ അക്ഷരവെളിച്ചം വിതറിക്കൊണ്ടിരിക്കുകതന്നെയാണ്‌. പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന്‌ ആരംഭിച്ച്‌ ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന്‌ അവസാനിക്കുന്ന വായനപക്ഷാചരണം ഇത്തവണ മുന്നോട്ടുവയ്‌ക്കുന്നത്‌  മാനവിക മൂല്യങ്ങളുടെ പുനർവായന എന്ന സന്ദേശമാണ്‌.

(സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയാണ് ലേഖകൻ)

Hot Topics

Related Articles