Thursday, November 28, 2024
spot_img

കെ ഫോൺ ; ഡിജിറ്റൽ സമത്വത്തിലേക്കുള്ള വഴികാട്ടി

ഡിജിറ്റൽ വിഭജനം അസമത്വത്തെ എങ്ങനെ വഷളാക്കുന്നുവെന്ന് കോവിഡ്‌ മഹാമാരിക്കാലം നമുക്ക് കാണിച്ചുതന്നു. ഡിജിറ്റൽ ദാരിദ്ര്യവും നിഷേധവും സങ്കടകരമായ കാഴ്‌ചയാണ്‌. ഹൈപ്പർ കണക്റ്റിവിറ്റിയുടെ ഈ കാലഘട്ടത്തിൽ സമ്പന്ന രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾപോലും ഡിജിറ്റൽ നിഷേധത്തിന്റെ നിഴലിൽ അവശേഷിക്കുന്നു. അമേരിക്കയിലെ ഗ്രാമീണ ജനസംഖ്യയുടെ നാലിലൊന്ന് പേർക്ക്, ഏകദേശം 14.5 ദശലക്ഷം പേർക്ക്‌ ഇപ്പോഴും ബ്രോഡ്‌ബാൻഡ് കണക്‌ഷൻ ഇല്ലെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. കോടിക്കണക്കിന് ആളുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ലോകത്ത്, ഇതിന്റെ അഭാവത്തിൽ 300 കോടിയിലധികം പേർ ഡിജിറ്റൽ യുഗത്തിൽനിന്ന്‌ അകറ്റിനിർത്തപ്പെടുന്നു എന്നതാണ്‌ നഗ്നമായ യാഥാർഥ്യം. ജീവിതം ഓൺലൈനായി നീങ്ങുമ്പോൾ, അത് നിലവിലെ അസമത്വങ്ങൾ വർധിപ്പിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങൾ, അവശ്യസേവനങ്ങൾ എന്നിവയിലേക്കുള്ള കടന്നുവരവിനെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ഏകദേശം 3.4 കോടി ആളുകൾ താമസിക്കുന്ന ദക്ഷിണേന്ത്യയിലെ കേരളത്തിലേക്ക് നമ്മെ ആകർഷിക്കുന്നു. അവിടെ, കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് (കെ ഫോൺ) എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നു. സർക്കാരിനെ സംബന്ധിച്ച്‌  ഇത്‌ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. ഇന്റർനെറ്റ്‌ പൗരന്റെ അടിസ്ഥാന അവകാശമായി 2016-ൽ  സംസ്ഥാന സർക്കാർ അംഗീകരിച്ചു. ഇതോടെ ഫിൻലൻഡ്, കോസ്റ്ററിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം കേരളവും എത്തി. ഡിജിറ്റൽ അസമത്വം ഇല്ലാതാക്കാൻ കഴിയുമെന്ന്‌ പാവപ്പെട്ടവർക്ക്‌ കേരളം സൗജന്യ ബ്രോഡ്ബാൻഡ് നൽകുന്ന പദ്ധതി എടുത്തുകാട്ടുന്നു.

കോവിഡ്‌ മഹാമാരിയും മുമ്പ് കെ -ഫോണിന്റെ ചുമതല വഹിച്ചിരുന്ന  മുതിർന്ന ഉദ്യോഗസ്ഥന്റെ അറസ്റ്റിലേക്ക് നയിച്ച അഴിമതി ആരോപണവും  (അദ്ദേഹം ആരോപണം നിഷേധിക്കുന്നു) പോലുള്ള വിവിധ തിരിച്ചടികൾ നേരിട്ടിട്ടും- ഒടുവിൽ പദ്ധതി യാഥാർഥ്യമായി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും താങ്ങാനാകുന്ന നിരക്കിലും വിശ്വസനീയവുമായ രീതിയിൽ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ ലക്ഷ്യമിട്ടുള്ള ഫൈബർ- ഒപ്റ്റിക് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കാണിത്. കാലതാമസം നേരിട്ടിരുന്നെങ്കിലും, ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാനത്തുടനീളമുള്ള താരതമ്യേന ദരിദ്രരായവരുടെ 14,000 വീടുകളിൽ ഈ മാസം ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കും. വയനാട്ടിലെ വിദൂര പ്രദേശങ്ങളിലെ ആദിവാസി ഗ്രാമങ്ങൾ ഉൾപ്പെടെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽപ്പോലും വിപുലമായ കെ -ഫോൺ ശൃംഖല എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകും. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. കേരളത്തിലെ മറ്റ് 60 ലക്ഷത്തോളം കുടുംബങ്ങൾക്ക്‌ താങ്ങാനാകുന്ന നിരക്കിലുള്ള ഡാറ്റാ പാക്കേജുകൾ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്‌.  20 എംബിപിഎസ് വേഗതയുള്ള കണക്‌ഷൻ പ്രതിമാസം 300 രൂപയ്‌ക്ക്‌ താഴെയുള്ള നിരക്കിൽ ലഭിക്കും.  (കേരളത്തിലെ ഗ്രാമീണ കർഷകത്തൊഴിലാളികൾക്ക്‌ പ്രതിദിനം 727 രൂപ വേതനം ലഭിക്കുന്നുവെന്ന്‌ സാന്ദർഭികമായി ഓർമിക്കുകയാണ്‌).

സ്‌കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, -ഇത്‌ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ബിസിനസ് അവസരങ്ങൾ എന്നീ മേഖലകളിൽ ഉണ്ടാക്കുന്ന കാര്യമായ നേട്ടങ്ങൾ സമൂഹത്തിൽ ഇതിന്റെ എത്രയോ ഇരട്ടി ഫലമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ ആളുകൾക്ക്‌ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം ഉണ്ടെന്ന് ഉറപ്പാക്കാൻ താഴേത്തട്ടിൽ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഡിജിറ്റൽ സാക്ഷരതാ പദ്ധതികൾ സർക്കാർ ആരംഭിച്ചു. ദൈനംദിന ജീവിതത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാവരെയും  പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും മനുഷ്യവിഭവശേഷിയിലെ വിടവുകളും സേവനവിതരണത്തെ ബാധിക്കുന്ന നിരവധി താഴ്‌ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ കേരളം നടപ്പാക്കുന്നതുപോലുള്ള ഡിജിറ്റൽ ഇടപെടലുകൾക്ക് ഡിജിറ്റൽ സമത്വം ഉണ്ടാക്കുന്നതിൽ മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ കഴിയും. ഉദാഹരണത്തിന്, കേന്ദ്ര സർക്കാർ ആരംഭിച്ച സൗജന്യ ടെലിമെഡിസിൻ സേവനമായ ഇ–-സഞ്ജീവനി പദ്ധതി വെറും മൂന്നു വർഷത്തെ പ്രവർത്തനത്തിനുള്ളിൽ 12.5 കോടി പേർ ഉപയോഗിച്ച്‌ ശ്രദ്ധേയമായ നാഴികക്കല്ല് പിന്നിട്ടു. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമാണ് ഇ–-സഞ്ജീവനി. രാജ്യത്തിന്റെ ഏറ്റവും വിദൂര പ്രദേശങ്ങളിൽപ്പോലും സേവനം നൽകുന്നു. ഇക്കണോമിസ്റ്റ് അടുത്തിടെ നിരീക്ഷിച്ചതുപോലെ, മറ്റ് രാജ്യങ്ങൾക്ക് വഴികാട്ടിയാകുമെന്ന്‌ പ്രതീക്ഷിക്കുന്ന രീതിയിൽ  ഇന്ത്യ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തി ആഗോളതലത്തിൽ പ്രചരിപ്പിക്കുകയാണ്.

ഡിജിറ്റൽ വിഭജനം അസമത്വത്തെ എങ്ങനെ വർധിപ്പിക്കുമെന്ന് കോവിഡ്‌ മഹാമാരിക്കാലത്ത്‌ നാം കണ്ടു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ (ഡിപിഐ) കുറിച്ച്‌ ജി20യിൽ -നടക്കുന്ന ചർച്ചകൾ -ഇന്റർനെറ്റ് കണക്‌ഷൻ സാർവത്രികമാകുന്ന സമൂഹങ്ങളിൽ കൂടുതൽ പ്രസക്തമാകും.  ഫെയ്‌സ്‌ബുക്ക് പോലുള്ള ടെക് ഭീമന്മാർ ബന്ധമില്ലാത്തവരെ ബന്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ പോരായ്മകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരുപക്ഷേ അടുത്ത വർഷമോ മറ്റോ, കേരളത്തിന്റെ കെ- ഫോൺ പദ്ധതി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കും.

Hot Topics

Related Articles