റിയാദ്
സൗദി പ്രോ ലീഗിലാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം. പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയിലൂടെ തുടക്കമിട്ട സൗദി ഫുട്‌ബോൾ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. യൂറോപ്യൻ ലീഗുകളിൽനിന്ന് കൂടുതൽ താരങ്ങൾ സൗദിയിലേക്ക് ചേക്കേറുകയാണ്. ഇതിനിടെ അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിക്കായി വൻ സന്നാഹങ്ങൾ ഒരുക്കിയെങ്കിലും ആ കരാർ മാത്രം നടന്നില്ല. സാമ്പത്തിക നിയന്ത്രണമില്ലാത്തതിനാൽ എത്ര തുക വേണമെങ്കിലും മുടക്കാമെന്നതിനാൽ ഈ കൂടുമാറ്റം ഉടനെയൊന്നും അവസാനിക്കില്ല. ഇതൊരു തുടക്കംമാത്രമാണെന്നാണ് വിലയിരുത്തൽ. ഇനിയും കൂടുതൽ പണമൊഴുകും. കളിക്കാരുമെത്തും.അഞ്ചുതവണ ബാലൻ ഡി ഓർ ജേതാവായ റൊണാൾഡോ സൗദി ക്ലബ് അൽ നാസെറിൽ ചേർന്നത് അത്ഭുതത്തോടെയാണ് ഫുട്‌ബോൾ ലോകം നോക്കിക്കണ്ടത്. റാങ്കിങ് പട്ടികയിൽ 58–-ാംസ്ഥാനത്തുള്ള ലീഗാണ് സൗദി പ്രോ ലീഗ്. റെക്കോഡ് തുകയാണ് റൊണാൾഡോയ്‌ക്ക് ശമ്പളമായി കിട്ടുക. അൽ നാസെറിൽ മുപ്പത്തെട്ടുകാരൻ ഒരു സീസൺ പൂർത്തിയാക്കി.
മേയിലാണ് സൗദിയിലെ മറ്റൊരു ക്ലബ് അൽ ഹിലാൽ മെസിക്കായി രംഗത്തിറങ്ങിയത്. ഫുട്‌ബോൾ ചരിത്രത്തിൽ അതുവരെയില്ലാത്ത തുകയാണ് മുപ്പത്തഞ്ചുകാരനായി വാഗ്‌ദാനം ചെയ്‌തത്. എന്നാൽ, മെസി സൗദി അവഗണിച്ച് അമേരിക്കയിലേക്ക് പോയി.റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ കരിം ബെൻസെമയെ കൂടാരത്തിലെത്തിച്ച് മറ്റൊരു സൗദി ക്ലബ് അൽ ഇത്തിഹാദാണ് വീണ്ടും വെടിമുഴക്കിയത്. പണംതന്നെയായിരുന്നു ആകർഷണം. നിലവിലെ ലീഗ് ചാമ്പ്യൻമാരായ ഇത്തിഹാദുമായി മൂന്നു വർഷത്തേക്കാണ് മുപ്പത്തഞ്ചുകാരന്റെ കരാർ. പിന്നാലെ ഫ്രാൻസിന്റെ ലോകകപ്പ് ടീം അംഗം എൻഗോളോ കാന്റെയും ക്ലബ്ബിലെത്തി. ചെൽസിയിൽനിന്നായിരുന്നു കാന്റെയുടെ വരവ്. റൊണാൾഡോയ്‌ക്ക് ഒരു വർഷം 1630 കോടി രൂപയാണ് ശമ്പളമായി കിട്ടുക. ബെൻസെമയ്‌ക്ക് 877 കോടിയും കാന്റെയ്‌ക്ക് 820 കോടിയും ലഭിക്കും. പരസ്യ വരുമാനവുംകൂടി ഉൾപ്പെടുത്തിയാൽ മൂവർക്കുംകൂടി ഏകദേശം 8000 കോടി രൂപയായിരിക്കും വരുമാനമായി കിട്ടുക. ചെൽസിയിൽനിന്ന് ഹക്കിം സിയെച്ച്, കാലിദു കുലിബാലി, എഡ്വാർഡ് മെൻഡി എന്നിവരും സൗദിയിലേക്കെത്തുമെന്നാണ് സൂചന. വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ് താരം റൂബെൻ നെവെസിനായി അൽ ഹിലാലാണ് രംഗത്ത്. ബെർണാഡോ സിൽവ, മാഴ്‌സെലൊ ബ്രൊസോവിച്ച് എന്നിവരും പരിഗണനയിലാണ്.
മെസിയെ കൂടാതെ ലൂക്കാ മോഡ്രിച്ച്, റൊമേലു ലുക്കാക്കു, സൺ ഹ്യുങ് മിൻ എന്നിവർ വിസമ്മതം മൂളി.ഇതാദ്യമായല്ല ചെറിയ ലീഗുകൾ താരങ്ങൾക്കായി വൻതുക മുടക്കുന്ന രീതിയുണ്ടായിട്ടുള്ളത്.1970കളിൽ അമേരിക്കൻ ലീഗിലും 2010ൽ ചൈനീസ് ലീഗിലും സമാനമായി തരംഗങ്ങളുണ്ടായിരുന്നു. 1970ൽ വടക്കൻ അമേരിക്കൻ സോക്കർ ലീഗിൽ വമ്പൻ താരങ്ങളുടെ കുത്തൊഴുക്കായിരുന്നു. മുൻനിര കളിക്കാർ അവരുടെ കളിജീവിതത്തിന്റെ അവസാനഘട്ടത്തിൽ വൻ തുകയ്‌ക്കായി ലീഗിലെത്തി. പെലെ, ഫ്രാൻസ് ബെക്കെൻബോവർ, കാർലോസ് ആൽബെർട്ടോ, യൊഹാൻ ക്രൈഫ്, ബോബി മൂർ, യെർദ് മുള്ളർ, യൂസേബിയോ, ജോർജ് ബെസ്‌റ്റ് തുടങ്ങിയവരെല്ലാം അവരുടെ പ്രതാപകാലത്തിനുശേഷം അമേരിക്കൻ ലീഗിൽ പന്ത് തട്ടിയവരാണ്.2010ൽ ചൈനീസ് ലീഗിലേക്ക് ഹൾക്ക്, മാർകോ അർണോടോവിച്ച്, റാമിറെസ്, ഓസ്‌കാർ, ജോൺ ഒബി മിക്കേൽ, പൗളീന്യോ എന്നിവരും കളിക്കാനെത്തി. എന്നാൽ, ഈ രണ്ട് ലീഗുകൾക്കും സൗദി ലീഗിന്റെ സാമ്പത്തിക മിടുക്കുണ്ടായില്ല. വരും ദിവസങ്ങളിൽ കൂടുതൽ മുൻനിര താരങ്ങൾ ലീഗിലേക്ക് എത്തുമെന്നാണ് സൂചന.