റിയോ ഡീ ജനീറോ
ഉറുഗ്വേ ഗോളടിക്കാരൻ ലൂയിസ് സുവാരസ് വിരമിക്കാനൊരുങ്ങുന്നു. വലതുകാൽമുട്ടിലെ പരിക്കാണ് കളി മതിയാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. അസഹനീയമായ വേദനയുമായാണ് മുപ്പത്താറുകാരൻ നിലവിൽ കളിക്കുന്നതെന്നാണ് വിവരം. ബ്രസീൽ ക്ലബ് ഗ്രെമിറോയിലാണ് സുവരാസ് ഇപ്പോൾ. പരിശീലനത്തിലും കളിക്കിടെയും കടുത്ത ബുദ്ധിമുട്ടുമായാണ് മുന്നേറ്റക്കാരൻ പന്തുതട്ടുന്നതെന്ന് ഗ്രെമിറോയിലെ സഹതാരങ്ങൾ അറിയിച്ചു. ക്ലബ് പ്രസിഡന്റ് അൽബർട്ടോ ഗുവേറയും ഇത് സ്ഥിരീകരിച്ചു. ‘ഒട്ടേറേ കുത്തിവയ്‌പ്പും മരുന്നും ഉപയോഗിച്ചാണ് സുവാരസ് കളിക്കുന്നത്. കാര്യങ്ങൾ അത്ര പന്തിയല്ല’–-ഗുവേറോ പറഞ്ഞു. ഈ വർഷമവസാനം ടീമുമായുള്ള സുവാരസിന്റെ കരാർ കഴിയും. ക്ലബ്ബിനായി 25 കളിയിൽ 11 ഗോളടിച്ചു.
അയാക്‌സ്, ലിവർപൂൾ, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ മുൻനിര ടീമുകൾക്കായി കളിച്ച സുവാരസ് കഴിഞ്ഞവർഷമാണ് യൂറോപ്പ് വിട്ടത്. പിന്നീട് ബാല്യകാല ക്ലബ്ബായ നാസിയോണിലിൽ ഒരു സീസൺ കളിച്ചു. ഉറുഗ്വേക്കായി 137 കളിയിൽ 68 ഗോളടിച്ചു. രാജ്യത്തെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്.