കൊല്ലം
രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാത്ത യന്ത്രവൽക്കൃത യാനങ്ങളെ കണ്ടെത്തുന്നതിനുള്ള ഫിഷറീസ് വകുപ്പിന്റെ പരിശോധനയും കണക്കെടുപ്പും തുടങ്ങി. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി അഴീക്കൽ മുതൽ കൊല്ലംവരെ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന യാനങ്ങളുടെ പരിശോധനയാണ് ബുധനാഴ്‌ച രാവിലെ ആരംഭിച്ചിട്ടുള്ളത്. ജില്ലയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത് 1625 ബോട്ടുകളാണ്. ഇതിൽ 250 ബോട്ടുകളുടെ പരിശോധനയാണ് ബുധനാഴ്‌ച നടന്നത്. 21 ടീമായി തിരിഞ്ഞുള്ള കണക്കെടുപ്പ് വെള്ളിയാഴ്‌ച വരെ തുടരും. ഒരു ടീമിൽ രണ്ടും മൂന്നും ഉദ്യോഗസ്ഥരാണുള്ളത്. ഇവരെ സൂപ്പർവൈസ് ചെയ്യാനും ടീമുണ്ട്. രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാത്ത യാനങ്ങളെ റിയൽ ക്രാഫ്‌റ്റിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് പരിശോധനയും കണക്കെടുപ്പും. ഫിഷറീസ് ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണിത്. ബോട്ടുടമകളും ഫിഷറീസ് ഉദ്യോസ്ഥരും പങ്കെടുത്ത യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്‌ച ചേർന്നിരുന്നു.