ചിറയിൻകീഴ്
ട്രോളിങ് നിരോധനം നിലനിൽക്കെ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് ഉദ്യോഗസ്ഥരുടെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത ബോട്ടുകൾ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ബുധൻ രാവിലെ എട്ടോടെ പുതുക്കുറിച്ചിക്കും പൂത്തുറയ്ക്കും ഇടയ്ക്കായിരുന്നു സംഭവം.
ട്രോളിങ് നിരോധനം നിലനിൽക്കവെയാണ് ദൂരപരിധി ലംഘിച്ച് മൂന്ന് ബോട്ടുകള്‍ മീന്‍പിടിക്കാന്‍ പോയത്. വിവരമറിഞ്ഞെത്തിയ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഡിവൈഎസ്‌പി അജിത് കുമാർ ഉൾപ്പടെയുള്ള സംഘം ബോട്ടുകൾ പിടിച്ചെടുത്തശേഷം വിഴിഞ്ഞത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ മത്സ്യത്തൊഴിലാളികൾ തയ്യാറായില്ല. ഇതിനിടെ മറ്റുവള്ളങ്ങൾ സംഘടിച്ചെത്തി പ്രതിഷേധിക്കുകയും ബോട്ടുകൾ മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയുമായിരുന്നു. ഹാർബറിൽ എത്തിച്ച ബോട്ടിനുള്ളിലുണ്ടായിരുന്ന പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരെയാണ് മത്സ്യത്തൊഴിലാളികൾ ലേലപ്പുരയിൽ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്.
തുടർന്ന് ഫിഷറീസ് ഉദ്യോഗസ്ഥരും പൊലീസും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. തുടർന്നാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്. അതേസമയം പിടിയിലായ വള്ളങ്ങൾക്ക് പിഴ ഇടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു. അഞ്ഞൂറോളം വരുന്ന തൊഴിലാളികൾ തീരദേശപാത ഉപരോധിച്ചത് വീണ്ടും സംഘർഷത്തിന് കാരണമായി.
കഠിനംകുളം, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, ആറ്റിങ്ങൽ സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസുകാരെത്തിയിട്ടും സമരക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. കലക്ടറേറ്റിൽ ചർച്ച നടത്താമെന്ന അധികൃതരുടെ ഉറപ്പിലാണ് മണിക്കൂറുകൾ നീണ്ട സമരം അവസാനിപ്പിച്ചത്.