Thursday, November 28, 2024
spot_img

മണിപ്പുർ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപി എംഎൽഎമാർRead

ന്യൂഡൽഹി
കലാപത്തീ അണയാത്ത മണിപ്പൂരിനെ ക്രൂരമായി അവ​ഗണിക്കുന്ന ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്ത്. ജനങ്ങൾക്ക്‌ സംസ്ഥാനത്തെ ബിജെപി സഖ്യ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന്‌ ബിജെപിക്കാരായ എട്ടു പേരടക്കം ഒമ്പത്‌ മെയ്‌ത്തീ എംഎൽഎമാർ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നിവേദനം നൽകി. ഏഴു ബിജെപിക്കാർ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ നേരത്തേ ബിരേൻ സർക്കാരിൽ അവിശ്വാസം പ്രഖ്യാപിച്ചിരുന്നു. അഞ്ചു  ദിവസത്തിനകം സംസ്ഥാനത്ത്‌ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന്‌ എൻഡിഎ ഘടകകക്ഷിയായ എൻപിപി മുന്നറിയിപ്പ്‌ നൽകി.

60 അംഗ നിയമസഭയിൽ എൻപിപിക്ക്‌ ഏഴ്‌ അംഗങ്ങളാണ്‌.കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌, നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയ 29 ബിജെപി എംഎൽഎമാരിൽ ഒരാളായ നിഷികാന്ത്‌ സിങ്‌ സപം വിമതപക്ഷത്തേക്ക്‌ എത്തി.

സംസ്ഥാനത്ത്‌ ക്രമസമാധാനം പൂർണമായും തകർന്നു. നൂറിൽപരം പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. വസ്‌തുവകകൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നു. ജനങ്ങൾക്ക്‌ സർക്കാരിലും ഭരണസംവിധാനത്തിലും വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനത്ത്‌ നിയമവാഴ്‌ച പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം–- എംഎൽഎമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. മണിപ്പുർ കലാപം ദേശീയതലത്തിൽ ബിജെപിയുടെ പ്രതിച്ഛായ തകർത്തെന്ന്‌ നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്‌. ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട മിസോറം അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ സാധ്യതകൾക്ക്‌ മങ്ങലേറ്റു. കുക്കി ഭീകരസംഘടനകളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ, ബിജെപി നേതവ്‌ രാം മാധവ്‌ എന്നിവർ 2017ൽ രഹസ്യചർച്ച നടത്തിയെന്ന വെളിപ്പെടുത്തലും ബിജെപിയെ വിഷമത്തിലാക്കി.

Hot Topics

Related Articles