Sunday, August 24, 2025
spot_img

ആരിക്കാടി ടോള്‍ഗേറ്റ്;ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും

ദേശീയപാത അതോറിറ്റി ആരിക്കാടിയില്‍ നിര്‍മ്മാണമാരംഭിച്ച താൽക്കാലിക ടോള്‍ഗേറ്റുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ എംപി, എംഎൽഎമാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളുടേയുംയോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേര്‍ന്നു.ജില്ലാ വികസന സമിതി യോഗത്തിന്റെ നിർദ്ദേശം കർശനമായി നടപ്പിലാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
60 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ ടോള്‍ഗേറ്റ് സ്ഥാപിക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെയാണ് തലപ്പാടിയിൽ നിന്ന് 20 കിലോമീറ്റര്‍ പരിധിയില്‍ ടോൾപ്ലാസ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നതെന്നും ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് ടോൾ ബൂത്ത് നിർമ്മാണം നിർത്തി വെക്കണമെന്നും എംപിയും എംഎൽഎമാരും ആവശ്യപ്പെട്ടു.

തലപപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നത് ബിഒ ടി അടിസ്ഥാനത്തിൽ സ്വകാര്യ ടോൾ പ്ലാസ ആണെന്നും ആരിക്കാടിയില്‍ നിര്‍മ്മിക്കുന്നത് എന്‍.എച്ച്.എ.ഐയുടെ നിയന്ത്രണത്തിലുള്ള താല്‍ക്കാലിക ടോള്‍ ഗേറ്റാണെന്നും അടുത്ത റീച്ച് പൂര്‍ത്തിയാകുന്നതോടെ ഇവിടെ ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്നും ദേശീയപാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്റ്റ് ഇമ്പ്ലിമെന്റേഷൻ യൂണിറ്റ് ഡയറക്ടർ ഉമേഷ് കെ ഗാര്‍ഗ് അറിയിച്ചു. പൂര്‍ത്തിയായ റീച്ചുകളില്‍ ടോള്‍ പിരിവ് ആരംഭിക്കണമെന്നത് കേന്ദ്രസർക്കാർ തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു.

ടോള്‍ഗേറ്റില്‍ ആറുമാസത്തിനകം ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്ന് പറയുന്നതിനൊപ്പം കൃത്യമായ ദിവസം കൂടി എന്‍.എച്ച്.എ.ഐ ഉറപ്പ് നല്‍കണമെന്നും ടോള്‍ഗേറ്റിൻറെ നിശ്ചിത കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ജനങ്ങള്‍ക്ക് പരിഗണന ആവശ്യമാണെന്നും കൂടുതല്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ പരിഗണിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ സന്ദർശിച്ച് വിഷയം അറിയിക്കും. അതുവരെ ടോള്‍ഗേറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ദേശീയപാത സംബന്ധിച്ച മുഖ്യമന്ത്രിയുടെ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.

മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍, എന്‍.എച്ച്.എ.ഐ ഡെപ്യൂട്ടി മാനേജര്‍ (ടി) ജസ്പ്രീത്, യു.എല്‍.സി.സി.എസ് പി.എം എം. നാരായണന്‍, എന്‍.എച്ച്.എ.ഐ ലെയ്‌സണ്‍ ഓഫീസര്‍ കെ. സേതുമാധവന്‍, എന്‍.എച്ച്.എ.ഐ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.കെ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles