മംഗളൂരു വ്യവസായി ബി എ മുംതാസ് അലി(52)യുടെ മരണത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കാട്ടിപ്പള്ള സ്വദേശി അബ്ദുല്‍ സത്താര്‍, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപന്നൂര്‍ സ്വദേശി നടവര്‍ ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മുംതാസ് അലിയുടെ ആത്മഹത്യയെ തുടര്‍ന്ന് സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ മലയാളി യുവതിയെയും ഭര്‍ത്താവിനെയും കാവൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അബ്ദുല്‍ സത്താറിന്റെ ഡ്രൈവര്‍ സിറാജാണ് ഇനി അറസ്റ്റിലാകാനുള്ളത്. റഹ്‌മത്തിനെയും ഭര്‍ത്താവ് ഷുഹൈബിനെയും ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചില ഓഡിയോ ക്ലിപ്പുകളും പ്രതികള്‍ പ്രചരിപ്പിച്ചു.
മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരന്‍ നല്‍കിയ പരാതിയിലുണ്ട്. ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങള്‍ക്ക് തന്റെ മരണത്തിന് കാരണം ഈ ആറ് പേരാണെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നു.
ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ല്‍ കുളൂര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍ വശത്ത് മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും ഉണ്ട്. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് പാലത്തിനടിയില്‍ നിന്ന് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുംതാസ് അലി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയുദീന്‍ ബാവയുടെയും ജനതാദള്‍ എസ് മുന്‍ എംഎല്‍സി ബി എ ഫാറുഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. കയറ്റുമതി വ്യവസായത്തിലായിരുന്നു മുംതാസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.