Friday, November 1, 2024
spot_img

വയനാട് ദുരന്തം മരണം 135,രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇന്ന് വയനാട്ടിലേക്ക്

വയനാട്:രക്ഷാപ്രവർത്തനം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇന്ന് വയനാട് ദുരന്ത ഭൂമിയിലെത്തും

രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. ഇന്ന് അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു ഇന്ന് വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.

മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയിൽ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലം ഇന്ന് നിർമ്മാണം തുടങ്ങും. ബെംഗളൂരുവിൽ നിന്ന് ഇന്ന് പുലർച്ചെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കും. അതിനായി ബെംഗളൂരുവിൽ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആർമി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമാണത്തിന് എത്തുന്നത്. പാലം നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. ചെറുപാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്ന് ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. ഇതോടൊപ്പം ദില്ലിയിൽ നിന്ന് മൂന്ന് സ്നിഫർ ഡോഗുകളേയും എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്നിഫർ ഡോഗുകളെ എത്തിക്കുന്നത്.

മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഉരുൾപൊട്ടലിൽ 135 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകൾ അകലെ നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Hot Topics

Related Articles