തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വയോജന ക്ഷേമത്തിന് അനുവദിക്കുന്ന അഞ്ച് ശതമാനം പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കുന്നു എന്ന് ബന്ധപ്പെട്ട വകുപ്പും ജില്ലാ ആസൂത്രണ സമിതിയും ഉറപ്പുവരുത്തണമെന്ന് വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭാ സമിതിയുടെ തെളിവെടുപ്പ് യോഗത്തില്‍ സമിതി ചെയര്‍മാന്‍ പി.കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.പി മോഹനന്‍, അഹമ്മദ് ദേവര്‍കോവില്‍, സി.കെ ഹരീന്ദ്രന്‍, ജോബ് മൈക്കിള്‍, ടി.ജെ വിനോദ്, സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ തെളിവെടുപ്പ് യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ജില്ലാ പോലീസ് മേധാവി പി.ബിജോയി എ.ഡി.എം കെ.വി ശ്രുതി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി രാജ് നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി വി.അനില്‍കുമാര്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ വയോജന ക്ഷേമത്തിനായുള്ള സംഘടനകളുടെ പ്രതിനിധികള്‍ പരാതിക്കാര്‍ തെളിവെടുപ്പില്‍ സംബന്ധിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വയോജന ക്ഷേമത്തിനായുള്ള പദ്ധതി രൂപീകരണ ഘട്ടത്തില്‍ പ്രായോഗികമായ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തുകയും അത് സമയബന്ധിതമായി നടപ്പിലാക്കുകയും വേണം. വയോജന സംരക്ഷണകേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പരിശോധന നടത്തണമെന്നും നിയമസഭ സമിതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വയോജന കേന്ദ്രത്തിലും സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രങ്ങളിലും വയോജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം.ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും ഫിസിയോതെറാപ്പിസ്റ്റ് മാരുടെയും അഭാവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സമിതി അറിയിച്ചു കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമനം നേടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവിനു ശേഷം മാത്രമേ സ്ഥലം മാറ്റം നേടാവൂ വെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ നിയമനം നേടുന്ന ഇതര ജില്ലകളില്‍ നിന്നുള്ളവര്‍ ഉടന്‍തന്നെ സ്ഥലംമാറ്റം നേടിപ്പോകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സമിതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നിയമസഭാ സമിതിക്ക് ഇന്ന് 11 പരാതികള്‍ ലഭിച്ചു. വ്യക്തിഗതമായ പരാതികള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണം സാമൂഹികനീതി പോലീസ് വകുപ്പുകളെ ചുമതലപ്പെടുത്തി. സമയബന്ധിതമായി പരാതികള്‍ തീര്‍പ്പാക്കാന്‍ സമിതി നിര്‍ദേശിച്ചു. ജില്ലയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വയോജന ക്ഷേമത്തിനായുള്ള പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയതായി വിലയിരുത്തി. തദ്ദേശസ്വയംഭരണ വകുപ്പ് മാസം തോറും അവലോകനം നടത്തണമെന്നും പദ്ധതികളുടെനിര്‍വഹണം ഉറപ്പാക്കണം എന്നും സമിതി നിര്‍ദേശിച്ചു.