Thursday, November 28, 2024
spot_img

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ശരിയായ ദിശയിലെന്ന് നിരീക്ഷകര്‍

കാസര്‍കോട് ജില്ലയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍ വിലയിരുത്തി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുനിരീക്ഷകന്‍ (ജനറല്‍ ഒബ്‌സര്‍വര്‍) റിഷിരേന്ദ്ര കുമാര്‍, പോലീസ് നിരീക്ഷകന്‍ സന്തോഷ് സിംഗ് ഗൗര്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്, വരണാധികാരി കെ.ഇമ്പശേഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെയും പോലീസ്, വനംവകുപ്പ്, എക്‌സൈസ് ജില്ലാ മേധാവികളുടെയും യോഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ശരിയായ ദിശയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പൊതു നിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വോട്ടെടുപ്പ് ദിവസം വരെ മാത്രമല്ല വോട്ടെണ്ണലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കുന്നതു വരെയുള്ള ഘട്ടങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശക്തമായി പ്രവര്‍ത്തിക്കണം. വരും ദിവസങ്ങളില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ നടക്കാതിരിക്കാന്‍ സസൂക്ഷ്മം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും പോളിംഗ് ബൂത്തുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. യാത്രാസൗകര്യവും റാമ്പ് ഉള്‍പ്പെടെയുള്ള സംവിധാനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന് പോലീസ് സേന ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പോലീസ് നിരീക്ഷകന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ പറഞ്ഞു.

ജില്ലയില്‍ നടത്തിവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ യോഗത്തില്‍ ആമുഖമായി വിശദീകരിച്ചു. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പോലീസ് മേധാവി പി.ബിജോയിയും വനം മേഖലയില്‍ നടക്കുന്ന നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫും എക്‌സൈസ് നടത്തുന്ന റെയ്ഡുകളും പരിശോധനകളും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 20 മേഖലകളിലെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും അടുത്ത 20 ദിവസം നടത്താന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ പോലീസ് മേധാവി പി.ബിജോയ്, എ.ഡി.എം കെ.വി.ശ്രുതി, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അഖില്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ പി.ഷാജു, പി.ബിനുമോന്‍, റീത്ത നിര്‍മ്മല്‍ ഗോമസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജ്, നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു. ജില്ലയില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. ജില്ലാ കലക്ടർ കെ ഇമ്പശേഖർ സ്വാഗതവും സബ് കലക്ടർ സുഫിയാൻ അഹമ്മദ് നന്ദിയും പറഞ്ഞു.

ഫോട്ടോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം

Hot Topics

Related Articles