Friday, November 1, 2024
spot_img

ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍


കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ എല്ലാം സുതാര്യമാണെന്നും ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങളിൽ ആശങ്ക വേണ്ടെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.കാസര്‍കോട് ജില്ലാ കളക്ടറുടെ ചേമ്പറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റ് മാര്‍ക്കും അറിയിപ്പ് നല്‍കിയും പത്രക്കുറിപ്പ് ഉള്‍പ്പെടെ നല്‍കിയും അവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ് നടത്തിയതെന്നും കഴിഞ്ഞ ദിവസം ഒരു പ്രത്യേക സ്ഥനാര്‍ത്ഥിയുടെ സ്ലിപ്പ് മാത്രം വോട്ട് ഇടാതെ തന്നെ വിവിപാറ്റിൽ വരുന്നു എന്ന് മറ്റ് രണ്ട് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അപ്പോള്‍ തന്നെ പരിശോധിച്ച് തെറ്റിദ്ധാരണ നീക്കി വസ്തുത ബോധ്യപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍,ഭെല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെയും ഏജന്റുമാരെയും അപ്പോള്‍ കാര്യങ്ങൾ ബോധ്യപ്പെടുത്തി. 

സംശയമുണ്ടായിരുന്ന വിവി പാറ്റില്‍ മോക്ക് പോള്‍ നടത്തി ആയിരം വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം എണ്ണി ബോധ്യപ്പെടുത്തി ബോധ്യപ്പെട്ടുവെന്ന് കാണിച്ച് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ സര്‍ട്ടിഫിക്കേറ്റ് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. അതിന് ശേഷമാണ് കമ്മീഷനിങ് പൂര്‍ത്തിയാക്കിയത്. ആര്‍ക്കും കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഇവി എം വിവിപാറ്റ് കമ്മീഷനിങ്ങിലും സംശയവും ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 കമ്മീഷനിങ് മുഴുവനായും സി.സി ടി.വി ക്യാമറയില്‍ റെക്കോഡ് ആയിട്ടുണ്ട്. ആവശ്യമെങ്കില്‍ അത് പരിശോധിക്കാമെന്നും കളക്ടര്‍ പറഞ്ഞു. കമ്മീഷനിങ് പൂര്‍ത്തിയായ ശേഷം സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്ന വോട്ടിങ് മെഷീനുകളില്‍ വോട്ടെടുപ്പ് ദിവസം രാവിലെ വോട്ടെടുപ്പ് ആംഭിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് മുന്നില്‍ മോക് പോള്‍ ആയി 50 വോട്ട് ചെയ്ത് എണ്ണി തിട്ടപ്പെടുത്തി പരിശോധിച്ച്,  എണ്ണിയ ശേഷം പ്രത്യേകം ബ്ലാക്ക് കവറിൽ സൂക്ഷിക്കുസര്‍ട്ടിഫിക്കേറ്റും നല്‍കും.

 തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്ന് പ്രാവശ്യം മോക്ക് പോള്‍ നടത്തും. ആദ്യ ഘട്ട പരിശോധനാ സമയത്ത് മോക് പോള്‍ നടത്തിയിരുന്നു. ശേഷം കമ്മീഷനിങ് സമയത്ത് മോക് പോള്‍ നടത്തി. ഓരോ സ്ഥാനാർത്ഥിയുടെയും ഏജൻ്റുമാരാണ് മോക് പോൾ രേഖപ്പെടുത്തിയത്. കമ്മീഷനിങ് സമയത്ത് അഞ്ച്ശതമാനം വോട്ടിങ് മെഷീനുകളില്‍ 1000 വോട്ടുകൾ മോക് പോള്‍ നടത്തി.  ഇനി വോട്ടിങ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് വോട്ടിങ് മെഷീനില്‍ മോക് പോള്‍ നടത്തും. മൂന്ന് ഘട്ടമായി നടത്തുന്ന പ്രക്രിയയില്‍ ആരും അവിശ്വസിക്കേണ്ട ആവശ്യമില്ല. 

ഇ.വി.എം, വി.വി പാറ്റ് റാന്‍ഡമൈസേഷന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് നടത്തിയത്. ഏഴ് മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ പരാതിയും ആക്ഷേപവും ഇല്ലാതെയാണ് നടത്തിയതാണെന്നും കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെയും കാസര്‍കോട് ജില്ലയിലെയും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ സുതാര്യമാണെന്നും യാതൊരു പ്രശ്‌നവും നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും കളക്ടര്‍ പറഞ്ഞു.

Hot Topics

Related Articles