Friday, November 1, 2024
spot_img

വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17ന്;വീട്ടില്‍ വോട്ട് 18ന് ആരംഭിക്കും

കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടിംഗ് യന്ത്രം കമ്മീഷനിംഗ്, പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, പോസ്റ്റല്‍ ബാലറ്റ്, വീട്ടില്‍ വോട്ട്, 26ന് വോട്ടെടുപ്പ് ദിനത്തിലെ ഒരുക്കങ്ങള്‍ എന്നിവയ്ക്ക് വിവിധ തലത്തിലുള്ള ആസൂത്രണത്തിന് സുതാര്യവും കാര്യക്ഷമവുമായ ഒരുക്കങ്ങള്‍ നടത്തി വരികയാണെന്ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു.

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് ഇലക്ട്‌റല്‍ റോള്‍ കൈമാറി. എപിക് കാര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞു. നിലവില്‍ എപിക് കാര്‍ഡ് നല്‍കാന്‍ അവശേഷിക്കുന്നില്ല.

ഏപ്രില്‍ 16ന് ഇ.വി.എം രണ്ടാം റാന്‍ഡമൈസേഷന്‍

16ന് രാവിലെ 10ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെയും പൊതു നിരീക്ഷകന്റെയും സാന്നിധ്യത്തില്‍ ഇ.വി.എം രണ്ടാം റാന്‍ഡമൈസേഷന്‍ നടക്കും. സ്ഥാനാര്‍ത്ഥികളോ ഏജന്റുമാരോ പങ്കെടുക്കണം.

ഏപ്രില്‍ 16ന് രാവിലെ 11ന് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്‌ട്രോംഗ് റൂം തുറക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) എടുത്ത് പ്രത്യേകം അടുക്കി വെയ്ക്കും.

17ന് രാവിലെ 7 മുതല്‍ ഇവി.എം കമ്മീഷനിംഗ് നടത്തും. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ചേര്‍ക്കുന്ന പ്രവര്‍ത്തനമാണിത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. കമ്മീഷനിംഗ് സമയത്ത് അഞ്ച് ശതമാനം ഇ.വി.എം മോക് പോള്‍ നടത്തും. അത് പ്രത്യേകമായി രേഖപ്പെടുത്തും.

കമ്മീഷനിംഗ് പൂര്‍ത്തിയായാല്‍ ഇ.വി.എം മെഷീനുകള്‍ ഏപ്രില്‍ 25ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണത്തിന്റെ ചെയ്യുന്നതിനായി മാത്രമേ തുറക്കുകയുള്ളൂ. 26ന് വോട്ടെടുപ്പ് നടക്കും. വോട്ട് രേഖപ്പെടുത്തിയ ഇ.വി.എം യന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രത്തില്‍ തന്നെ സ്വീകരിക്കും. അന്ന് രാത്രി തന്നെ പ്രത്യേകം സ്‌ട്രോംഗ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇ.വി.എം യന്ത്രങ്ങള്‍ സൂക്ഷിക്കും. ഏഴ് നിയമസഭാ മണ്ഡലങ്ങളുടെയും വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ പ്രത്യേകം സ്‌ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കുക. കേന്ദ്രസേനയുടെയും കേരള സായുധ പോലീസിന്റെയും കനത്ത സുരക്ഷയിലായിരിക്കും ഏപ്രില്‍ 26 മുതല്‍ ജൂണ്‍ നാല്് വരെ യന്ത്രങ്ങള്‍ സൂക്ഷിക്കുക. പൂര്‍ണ്ണമായും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും ഈ മേഖല.

വീട്ടില്‍ വോട്ട്

85 വയസ്സില്‍ പ്രായമുള്ളവരും വീട്ടില്‍ വോട്ട് ആവശ്യമുള്ള ഭിന്നശേഷി വോട്ടര്‍മാരും ഉള്‍പ്പെടെ 10,363 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ അര്‍ഹരായവരുടെ യോഗ്യത പരിശോധിച്ച് വരികയാണ്. 18 മുതല്‍ ഇവര്‍ക്ക് വീടുകളില്‍ വോട്ട് ചെയ്യുന്ന സംവിധാനം ആരംഭിക്കും. അതിനു മുന്‍പ് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറും. 18ന് രാവിലെ 9ന് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയില്‍ നിലവില്‍ 108 ടീമുള്‍പ്പെടെ 7 നിയമസഭാ മണ്ഡലങ്ങളിലായി 155 ടീമിനെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു ടീം ഒരു ദിവസം 15 വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കും. ഒരു ദിവസം ശരാശരി 2355 വീടുകളില്‍ വോട്ട് രേഖപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18,19, 20, 21, 22 എന്നീ അഞ്ച് ദിവസങ്ങളിലായി വീട്ടില്‍ വോട്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.

12ഡി ഫോമില്‍ അപേക്ഷ നല്‍കിയ അര്‍ഹരായവര്‍ക്കാണ് വോട്ട് അവകാശമുണ്ടാകുക. വോട്ട് ചെയ്യാന്‍ ആദ്യത്തെ തവണ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ സാധിക്കാതെ പോയാല്‍ ഒരു തവണ കൂടി ഉദ്യോഗസ്ഥര്‍ ആ വീടുകളില്‍ എത്തും. രണ്ടാം തവണയും വോട്ട് ചെയ്തില്ലെങ്കില്‍ പിന്നീട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. പോളിംഗ് ബൂത്തില്‍ പോയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ മെറ്റല്‍ ബിന്നില്‍ സൂക്ഷിക്കും. ഓരോ ദിവസവും അതത് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ മെറ്റല്‍ ബിന്ന് അന്ന് വൈകിട്ട് കൊണ്ടുവരും. എ.ആര്‍.ഒയുടെയും രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മെറ്റല്‍ ബിന്ന്് തുറന്ന് പരിശോധിച്ച് പ്രത്യേക കവറുകളിലാക്കി എ.ആര്‍.ഒ അടയാളപ്പെടുത്തി വരണാധികാരിയുടെ കാര്യാലയമായ കളക്ടറേറ്റിലേക്കെത്തിക്കും. കളക്ടറേറ്റില്‍ ഹോം വോട്ട് സെക്ഷനില്‍ പ്രത്യേക സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കും.

വീട്ടില്‍ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനത്തിനായി പ്രത്യേകം മൈക്രോ പ്ലാന്‍ തയ്യാറാക്കും. ടീമിന്റെ വിവരം, ടീം എത്തുന്ന സമയം, പോളിംഗ് സ്‌റ്റേഷന്‍, വോട്ട് ചെയ്യാന്‍ എത്തുന്ന വീട് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും.

വീട്ടിലെ വോട്ട് പരിശീലനം ഏപ്രില്‍ 15ന്

ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള വീട്ടില്‍ വോട്ട് രേഖപ്പെടുത്താനുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കാസര്‍കോട് ഗവ.കോളേജില്‍ ഏപ്രില്‍ 15ന് രാവിലെ 9.30ന് നടക്കും. ഒരു ടീമില്‍ ഒരു മൈക്രോ ഒബ്‌സേര്‍വര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍, ഒരു പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരുണ്ടാകും.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സൈനികരുള്‍പ്പെടെ 3300 സര്‍വീസ് വോട്ടര്‍മാരാണുള്ളത്.

12 ഫോമില്‍ അപേക്ഷ എത്രയും വേഗം നല്‍കണം

12 ഫോമില്‍ അപേക്ഷ നല്‍കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ട് അവകാശമുള്ളവരും ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരുമായവര്‍ എത്രയും വേഗം അപേക്ഷ വരണാധികാരിക്ക് നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു.

പോളിംഗ് പരിശീലനം 18, 19, 20 തീയതികളില്‍

18, 19, 20 തീയതികളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കും. അതത് നിയമസഭാ മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗിനുള്ള സൗകര്യവും ഒരുക്കും. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടവകാശം ഉള്ള മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ബൂത്തില്‍ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സാധിക്കും. ഇലക്ക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പരിശീലന സമയത്ത് നല്‍കും.

21, 22, 23 തീയതികളില്‍ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം അവശ്യ സേവന വിഭാഗത്തില്‍പ്പെട്ട കാസര്‍കോട് ജില്ലക്കാര്‍ക്ക് ഇവിടെ വോട്ട് രേഖപ്പെടുത്താം. എല്ലാ പോളിംഗ് ബൂത്തിലും ഭിന്നശേഷികാര്‍ക്ക് വേണ്ടി റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കും. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 22 വരെ സ്വീകരിക്കും. 19ന് ഉച്ചയ്ക്ക് 3.30ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വീണ്ടും ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഒരു ബൂത്തില്‍ 60 വോട്ടുകള്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തള്ളിയതിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ അഡ്വ.ബി.എം.ജമാല്‍ പട്ടേല്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.മുഹമ്മദ് ഹനീഫ, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, കെ.കമലാക്ഷന്‍, പി.വി.മല്ലികാര്‍ജ്ജുനന്‍, എം.രഞ്ജിത്ത്, കെ.എ.മുഹമ്മദ് വാസില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അഖില്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ പങ്കെടുത്തു.

Hot Topics

Related Articles