കാസർകോട്:പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി വിധിയിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത മൊബൈൽഫോണുകളും സിംകാർഡുകളും മെമ്മറി കാർഡും പരിശോധിച്ചില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാമഗ്രികൾ പരിശോധിച്ച് വിശദാംശങ്ങൾ എടുക്കുന്നതിൽ അന്വേഷസംഘം പരാജയപ്പെട്ടു. ഇത് സംശയം ജനിപ്പിക്കുന്നതാണ് മരണത്തിനു മുൻപ് റിയാസ് മൗലവി ആരൊക്കെയായി ഇടപഴകി എന്ന് കണ്ടുപിടിക്കാനുള്ള അവസരം അന്വേഷണ സംഘം നഷ്ടപ്പെടുത്തിയെന്നും കോടതി വിമർശിച്ചു.
പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂസിന്റെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുഎന്നാൽ മുസ്‌ലീം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കപ്പെടുന്ന മൂന്ന് സംഭവങ്ങളിൽ ഒന്നുപോലും തെളിയിക്കാനായില്ല. പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വിധിപ്പകർപ്പിലുണ്ട്.