Thursday, November 28, 2024
spot_img

പ്രാർത്ഥനകൾ വിഫലം; ഗുജറാത്തിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു

ഗുജറാത്തിലെ ദ്വാരക ജില്ലയിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് വയസുകാരി ഏയ്ഞ്ചൽ സഖ്ര കുഴൽക്കിണറിൽ വീണത്. റാൻ ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. എട്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 9.48 ഓടെയാണ് കുട്ടിയെ പുറത്തെടുത്തത്.

ഇന്ത്യൻ കരസേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ ഖംഭാലിയ ടൗണിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

‘രാത്രി 10:00 നും 10:15 നും ഇടയിലാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. ഇവിടെ എത്തിക്കുമ്പോൾ തന്നെ കുട്ടി മരിച്ചിരുന്നു’ – റെസിഡന്റ് മെഡിക്കൽ ഓഫീസർ (ആർഎംഒ) ഡോ. കേതൻ ഭാരതി പറഞ്ഞു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles