Friday, November 1, 2024
spot_img

തണുപ്പ് സഹിക്കാൻ വയ്യ, ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് യുവാക്കൾ; അറസ്റ്റിൽ


കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ. അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിൻ ഉത്തർപ്രദേശിലെ അലിഗഢിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഫരീദാബാദ് സ്വദേശികളായ ചന്ദൻ കുമാർ, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് റെയിൽവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നടപടി. ജനറൽ കോച്ചിനുള്ളിൽ തണുപ്പ് കൂടുതലാണെന്നും സഹിക്കവയ്യാതെയാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കൾ ആർ.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർക്കൊപ്പം തീകാഞ്ഞ 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും മുന്നറിയിപ്പ് നൽകി വിട്ടയച്ചു.

ഓടുന്ന ട്രെയിനിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയത്. തുടർ പരിശോധനയിൽ ഒരു കൂട്ടം യാത്രക്കാര്‍ ചുറ്റിലും ഇരുന്ന് തീകായുന്നതായി കണ്ടു. യാത്രക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദനെയും ദേവേന്ദ്രയെയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്തുള്ള സ്‌റ്റേഷനായ അലിഗഡില്‍ ട്രെയിന്‍ നിര്‍ത്തിയാണ് യുവാക്കളെ പിടികൂടിയത്. പ്ലാറ്റ്‌ഫോമുകളിലോ സ്‌റ്റേഷനുകൾക്ക് സമീപത്തെ കടകളിലോ ഇത്തരം സാധനങ്ങൾ വിൽക്കില്ല. പ്രതികൾ കൂടെ കൊണ്ടുവന്നതാകാമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആർപിഎഫിന്റെ അലിഗഡ് പോസ്റ്റ് കമാൻഡർ രാജീവ് ശർമ്മ പറഞ്ഞു.

Hot Topics

Related Articles