Thursday, November 28, 2024
spot_img

നവകേരള സദസിലെത്തിയ പരാതികള്‍ റവന്യു വകുപ്പിന് തലവേദന; അപേക്ഷകരില്‍ ഭൂരിപക്ഷത്തിനും വേണ്ടത് സാമ്പത്തിക സഹായം

തിരുവനന്തപുരം: നവകേരള സദസ്സിൽ റവന്യു വകുപ്പിലെത്തിയ അപേക്ഷകരിൽ ഭൂരിപക്ഷത്തിനും വേണ്ടത് സാമ്പത്തിക സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി 48,553 പേരാണ് നവകേരള സദസ്സിനെത്തിയത്. സിഎംഡിആർഫ് സഹായത്തിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമെന്നിരിക്കെ പരാതി പരിഹാരം വെല്ലുവിളിയാണ്.

ഓരോ മണ്ഡലത്തിലും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയാണ് പൊതുജനങ്ങളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികൾ കൈപ്പറ്റിയത്. കളക്ട്രേറ്റ് കേന്ദ്രീകരിച്ചുണ്ടാക്കുന്ന പ്രത്യേക സംവിധാനത്തിലൂടെയാണ് പരിഹാരം. 140 മണ്ഡലങ്ങളിൽ സദസ് പൂര്‍ത്തിയാകുമ്പോൾ റവന്യു വകുപ്പിലിനി തീര്‍പ്പാക്കാൻ ബാക്കിയുള്ളത് 1,06177 അപേക്ഷകളാണ്. അതിൽ 48553 അപേക്ഷകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ആവശ്യപ്പെട്ടുള്ളതാണ്. കൂടുതൽ അപേക്ഷകര്‍ ആലപ്പുഴയിൽ നിന്നാണ് വന്നിരിക്കുന്നത്, 6732 പേര്‍. കാസര്‍കോട് നിന്നാണ് ഏറ്റവും കുറവ്, 920 അപേക്ഷകൾ. വിവിധ തരം സഹായങ്ങൾ അടക്കം പലവിധ പരാതികളെന്ന ശീര്‍ഷകത്തിൽ 36358 എണ്ണം പരിഗണന കാത്തിരിക്കുന്നു. ചതുപ്പ് നിലം തരംമാറ്റുന്നതിന് 10950 അപേക്ഷകളും പട്ടയ പ്രശ്നത്തിൽ 17437 അപേക്ഷകളും റവന്യു വകുപ്പിലുണ്ട്.

ഭൂരിഭാഗം പരാതികളും ദുരിതാശ്വാസ നിധി സഹായം ആവശ്യപ്പെടുന്നതാണെന്നിരിക്കെ അതിലെ തീര്‍പ്പും വലിയ കടമ്പയാണ്. ഫണ്ട് വിനിയോഗ പരാതികൾക്ക് ശേഷം ദുരിതാശ്വാസ നിധി സഹായത്തിന് കര്‍ശന നിബന്ധനകളാണ്. മാനദണ്ഡങ്ങൾ അപൂര്‍ണ്ണമായതടക്കമുള്ള പരാതികളിൽ വീണ്ടും അപേക്ഷ എഴുതി വാങ്ങുന്നത് പോലുള്ള സങ്കീര്‍ണ്ണത ഒഴിവാക്കാൻ പ്രത്യേക പോര്‍ട്ടൽ അടക്കമുള്ള സജ്ജീകരണമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൊട്ടിഘോഷിച്ച് കോടികൾ മുടക്കി ജനസദസ്സ് നടത്തിയത് ദുരിതാശ്വാസ അപേക്ഷ സ്വീകരിക്കാനായിരുന്നോ എന്ന് പ്രതിപക്ഷവും ചോദിക്കുന്നു.

Hot Topics

Related Articles