Thursday, November 28, 2024
spot_img

‘ഈ ശുഷ്കിച്ച വേദി തന്ന് നാടൻപാട്ട് കലാകാരന്മാരെ അപമാനിക്കുന്നു, മൈക്കും സൗണ്ടും ശോകം’; കലോത്സവവേദിയിൽ പ്രതിഷേധം

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാടൻപാട്ട് മത്സരവേദിയിൽ കലാകാരന്മാരുടെ പ്രതിഷേധം തുടരുന്നു. വേദിയിൽ നാടൻപാട്ട് ആലാപനത്തിനായി മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വേദി മാറ്റണമെന്ന് നാട്ടുകലാകാരന്മാരുടെ കൂട്ടം ആവശ്യപ്പെട്ടു.

രാവിലെ 9.30നാണ് വേദി 18ൽ നാടൻപാട്ട് മത്സരം നടക്കാനിരുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പരിശീലകരും നാട്ടുകലാകാരന്മാരുടെ കൂട്ടവും വേദിയ്ക്ക് സൗകര്യമില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപിച്ചിരുന്നതാണ്. എന്നാൽ വേദി മാറ്റിയിരുന്നില്ല. മൈക്കും സൗണ്ട് സിസ്റ്റവും മോശമാണെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്. ഹാൾ തന്നെ നാടൻപാട്ട് മത്സരത്തിന് തീരെ അനുയോജ്യമല്ലെന്ന് ഇവർ ആരോപിക്കുന്നു. പാട്ടിനൊപ്പം കൊട്ടുകൂടിയാകുമ്പോൾ അത് ഹാളിൽ വല്ലാതെ മുഴങ്ങുന്ന സ്ഥിതിയുണ്ടാകും. അതുകൊണ്ട് തന്നെ ജഡ്ജസിന് പോലും വരികളും പാട്ടുകളും വ്യക്തമാകാതെ വരുമെന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചു.

ഇത്തരമൊരു ശുഷ്കിച്ച വേദിയിൽ നാടൻപാട്ട് മത്സരം നടത്തരുതെന്ന ആവശ്യം സംഘാടകസമിതി അവ​ഗണിച്ചെന്നും കലാകാരന്മാർ ആരോപണമുന്നയിച്ചു. നാടൻപാട്ടുകലാകാരന്മാരെ അപമാനിക്കുന്ന രീതിയിലാണ് ഈ വേദി ഒരുക്കിയിരിക്കുന്നതെന്നും കലാകാരന്മാർ തുറന്നടിച്ചു.

Hot Topics

Related Articles