Thursday, November 28, 2024
spot_img

‘കാർമേഘങ്ങൾക്കിടയിലെ കിരണം, മോദിക്കേറ്റ തിരിച്ചടി’; ബിൽക്കിസ് ബാനു കേസിലെ വിധി സ്വാഗതാർഹമാണെന്ന് ജോൺ ബ്രിട്ടാസ്

ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. കാർമേഘങ്ങൾക്കിടയിലെ കിരണമായി വിധിയെ കാണുന്നു. ബിൽക്കിസ് ബാനുവിന് ലഭിച്ചത് വൈകി വന്ന നീതി. ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനുമേറ്റ വൻ തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം 24 നോട് പറഞ്ഞു.

കേസിൽ സുപ്രീംകോടതി പലപ്പോഴായി സ്വീകരിച്ച നിലപാട് ഞെട്ടിക്കുന്നതായിരുന്നു. ഇരകൾക്ക് വേണ്ടി നിലകൊണ്ടവരെ പോലും ജയിലിലടച്ച സാഹചര്യമുണ്ടായി. ഇന്നത്തെ വിധി അനീതിക്കെതിരെ പോരാടുന്നവർക്ക് പ്രചോദനമാകും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട എണ്ണമറ്റ കേസുകളിൽ സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് സുപ്രീം കോടതി തന്നെ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണ്. ഗുജറാത്ത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അവകാശമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. കേസില്‍ ഇരയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും വിധിച്ചു. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച്,
പ്രതികള്‍ ജയിലിലേക്ക് പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Hot Topics

Related Articles