ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂർണമായും തള്ളുന്നതാണ് സി.ബി.ഐ റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ജസ്‌നയുണ്ടെന്ന തരത്തിൽ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും പരിശോധനകൾ നടത്തി. എന്നാൽ ഇവിടങ്ങളിലൊന്നും തന്നെ ജസ്‌നയെക്കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല. ഒരു ഘത്തിൽ ഇന്റർപോളിന്റെ സഹായം തേടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്നിട്ടും ജസ്‌നയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മാത്രമല്ല 2018 മുതൽ ലഭിച്ച മൃതദേഹങ്ങളും പരിശോധിച്ചു. ഇതിൽ ഒന്നുപോലും ജസ്‌നയുടേതല്ലെന്നും കണ്ടെത്തി.
അതേസമയം സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അന്വേഷണ ഉദ്യാഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി ഇന്നലെ പ്രതികരിച്ചത്. സി.ബി.ഐ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ്. ജസ്ന തിരോധാനക്കേസിൽ അന്വേഷണം താൽകാലികമായി അവസാനിപ്പിച്ചുള്ള സി.ബി.ഐ റിപ്പോർട്ട് സാങ്കേതികത്വം മാത്രമാണ്. ഒരു കേസിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം റിപ്പോർട്ട് സമർപ്പിക്കാറുള്ളത്. പൊലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽ റിപ്പോർട്ട് കൊടുക്കാറുണ്ട്. എന്നെങ്കിലും കേസിനെ കുറിച്ച് സൂചന ലഭിച്ചാൽ തുടർന്നും അന്വേഷിക്കാൻ സാധിക്കുമെന്നും ടോമിൻ ജെ. തച്ചങ്കരി പറഞ്ഞിരുന്നു.