Thursday, November 28, 2024
spot_img

ഐസിസി പുരസ്‌കാരങ്ങള്‍: അന്തിമ പട്ടികകളില്‍ സൂര്യകുമാര്‍ യാദവ്, യശ്വസി ജയ്സ്വാള്‍; വനിതകളില്‍ ഇന്ത്യക്ക് നിരാശ

ദുബായ്: 2023ലെ മികച്ച ട്വന്‍റി 20 താരത്തിനും എമേര്‍ജിംഗ് താരത്തിനുമുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്ത് വിട്ട് ഐസിസി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ട്വന്‍റി 20 താരത്തിനുള്ള പട്ടികയിൽ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഇടംപിടിച്ചു. യശ്വസി ജയ്സ്വാള്‍ പുരുഷ എമേര്‍ജിംഗ് താരത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ട്. അതേസമയം വനിതകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും അന്തിമ പട്ടികകളില്‍ ഇടം നേടാനായില്ല. 

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ട്വന്‍റി 20യിലെ മികച്ച പുരുഷ താരമാവാൻ സൂര്യകുമാര്‍ യാദവ് കാത്തിരിക്കുകയാണ്. 2022 നവംബറിൽ ട്വന്‍റി 20യിലെ ഒന്നാം റാങ്കിലെത്തിയ സൂര്യ ഇപ്പോഴും ആ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 2023ൽ 17 ഇന്നിംഗ്സിൽ നിന്ന് 48.86 ശരാശരിയിൽ രണ്ട് സെഞ്ചുറിയും 5 അര്‍ധസെഞ്ചുറിയുമുൾപ്പടെ 733 റണ്‍സ് നേടിയപ്പോള്‍ 155.95 ആണ് സൂര്യയുടെ ബാറ്റിംഗ് പ്രഹരശേഷി. സിംബാബ്‍വെയുടെ സിക്കന്ദര്‍ റാസ, ന്യൂസിലൻഡിന്‍റെ മാര്‍ക്ക് ചാപ്മാൻ, ഉഗാണ്ടയുടെ അൽപേഷ് റാംജാനി എന്നിവരാണ് സൂര്യകുമാറിനോട് മത്സരിക്കുന്ന മറ്റ് താരങ്ങൾ.

പുരുഷ എമേര്‍ജിംഗ് താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ യശ്വസി ജയ്സ്വാള്‍ ഇടം കണ്ടെത്തിയത് ശ്രദ്ധേയം. 2 ടെസ്റ്റിൽ നിന്ന് ഒരു സെഞ്ചുറിയുൾപ്പടെ 266 റണ്‍സും ട്വന്‍റി 20യിൽ 15 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയുൾപ്പടെ 430 റണ്‍സും കഴിഞ്ഞ വര്‍ഷം യശ്വസി നേടിയിരുന്നു. ന്യൂസിലൻഡിന്‍റെ രചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ജെറാൾഡോ കോയ്ട്സീയ, ശ്രീലങ്കയുടെ ദിൽഷൻ മധുഷങ്ക എന്നിവരാണ് ലിസ്റ്റിലെ മറ്റ് താരങ്ങൾ. 

ട്വന്‍റി 20യിലെ മികച്ച വനിത താരമാവാൻ ശ്രീലങ്കയുടെ ചമരി അട്ടപ്പെട്ടു, ഓസ്ട്രേലിയുടെ എല്ലിസ് പെറി, വെസ്റ്റ് ഇൻഡീസിന്‍റെ ഹെയ്‍ലി മാത്യൂസ്, ഇംഗ്ലണ്ടിന്‍റെ സോഫി എക്കിൾസ്റ്റോണ്‍ എന്നിവര്‍ തമ്മിലാണ് വാശിയേറിയ മത്സരം. ഓസ്ട്രേലിയയുടെ ഫോബി ലിച്ച്ഫീൽഡ്, ഇംഗ്ലണ്ടിന്‍റെ ലോറൻ ബെൽ, സ്കോട്‍ലൻഡിന്റെ ഡാര്‍സി കാര്‍ട്ടര്‍, ബംഗ്ലാദേശിന്‍റെ മറുഫാ അക്തര്‍ എന്നിവരാണ് എമേര്‍ജിംഗ് വനിത താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചവര്‍

Hot Topics

Related Articles