ബെയ്റൂട്ട്: ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതെന്ന് ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരൂരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
അരൂരിയും അംഗരക്ഷകരും താമസിച്ച കെട്ടിടത്തെ ടാർഗറ്റ് ചെയ്തായിരുന്നു ആക്രമണം. കെട്ടിടത്തിന്‍റെ രണ്ട് നിലകളും ഒരു കാറും തകര്‍ന്നു. ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശക്കെ ഹമാസ് കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ബെയ്‌റൂട്ടിൽ ഇസ്രായേൽ അരൂരിയെ വധിച്ചതായി ഹമാസ് ടിവിയും സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ ആകെ ആറ് പേർ കൊല്ലപ്പെട്ടതായി ലെബനൻ മാധ്യമങ്ങൾ അറിയിച്ചു. അരൂരിയുടെ കൊലപാതകം ഇസ്രായേൽ-ഹമാസ് യുദ്ധം കൂടുതൽ വ്യാപകമായ തലത്തിലേക്ക് എത്തിയേക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ ഇതുവരെ 22,185 പലസ്തീനികളും 1,140 ഇസ്രയേലികളും കൊല്ലപ്പെട്ടു.