ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടതുമുന്നണി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചത്. അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എൽഡിഎഫ് ഹർത്താൽ നടത്തുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്കാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ഗവർണറെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പട്ടം ജംങ്ഷനിലാണ് പ്രതിഷേധക്കാരുണ്ടായിരുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലുള്ള പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വഴിയരികിൽ വെറുതെ നിന്നവരെ അന്യായമായി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പ്രവർത്തകർ ചെറുത്തെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇത് വാക്കേറ്റത്തിനും ചെറിയ സംഘർഷത്തിനും ഇടയാക്കി. പ്രതിഷേധം കണക്കിലെടുത്ത് സാധാരണ വഴിയിൽ നിന്ന് റൂട്ട് മാറിയാണ് ഗവർണറുടെ യാത്ര.