തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്‌ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകൾ പരിഗണിച്ചാണ് ഹൈകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.