Friday, November 1, 2024
spot_img

വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായ കല്ലട്ര അബ്ദുൾ കാദർ ഹാജി


കല്ലട്ര അബ്ദുൾ കാദർ ഹാജിയെപ്പോലെ വിദ്യാഭ്യാസത്തെ ഇത്രമാത്രം പ്രണയിച്ച  വ്യവസായികളെ അധികം കാണാൻ കഴിയില്ല. അക്കാദമിക് വിദ്യാഭ്യാസം കരസ്ഥമാക്കാൻ കഴിയാതെ പോയതാകാം അദ്ദേഹത്തെ വിദ്യാഭ്യാസത്തിൻ്റെ കടുത്ത ഉപാസകനാക്കി മാറ്റിയത്.

      1967 ൽ തളിപ്പറമ്പിൽ സർ സയ്യദ് കോളേജ് സ്ഥാപിക്കുന്നതിൽ സി.കെ.പി. ചെറിയ മമ്മുക്കേയിയുമായി കൈകോർത്തു. കെ.എസ്. അബ്ദുല്ലയുമായി സഹകരിച്ചു സർ സയ്യദ് കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ദേഹം ഹോസ്റ്റൽ കെട്ടിടം നിർമ്മിച്ചു നല്കി.

      അതേ കാലയളവിൽ ജന്മനാട്ടിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി ഗവ. എൽ.പി. സ്കൂളിനെ സ്വന്തമായി കെട്ടിടങ്ങളുള്ള ഹൈസ്കൂൾ ആയി ഉയർത്താൻ അദ്ദേഹം ചുക്കാൻ പിടിച്ചു. പാർട്ടി നേതാവും അടുത്ത സുഹൃത്തുമായ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായപ്പോൾ, എൽ.പി. സ്കൂളിലെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് നേടിയെടുക്കുകയും, വിശാലമായ പാറപ്പുറം എന്ന സ്ഥലത്ത് പുതിയ കെട്ടിടം അനുവദിപ്പിക്കാകയും ചെയ്തു. ഒരു കെട്ടിടം വർദ്ധനവു വരുന്ന ക്ലാസ്സ് മുറികൾക്ക് തികയില്ല എന്നു മനസ്സിലാക്കിയ അദ്ദേഹം ജ്യേഷ്ഠ പുത്രൻ കല്ലട്ര അബ്ബാസ് ഹാജിയുമായി ചേർന്നു  1968ൽ അതിനടുത്തായി മറ്റൊരു കെട്ടിടം പണിതു. ( അമ്പത്  വർഷങ്ങൾക്ക് ശേഷം പ്രസ്തുത കെട്ടിടം അദ്ദേഹത്തിൻ്റെ മകൻ കല്ലട്ര മാഹിൻ ഹാജി പുനർനിർമ്മാണം നടത്തി നല്കി.) കല്ലട്രയിൽ നിന്നു ആവേശം ഉൾക്കൊണ്ടു അന്നു യുവാക്കളായ എ.എം. അബ്ദുല്ല കുഞ്ഞി (കുഞ്ഞി കൈനോത്ത്), എസ്.കെ മാഹിൻ, എ. എച്ചു. ഉമ്മർ സീനിയർ, കെ.പി.എ. ഗഫൂർ തുടങ്ങിയവർ വീടുവീടാന്തരം കയറി ഇറങ്ങി കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നു.

     1968 കാലത്ത് തന്നെ, വളരെ സാമ്പത്തിക പ്രസി സന്ധിയിലായിരുന്ന പരവനടുക്കത്തെ ആലിയ അറബിക് കോളേജ് ഏറ്റെടുക്കണമെന്നു അതിൻ്റ അന്നത്തെ ഭാര വാഹികൾ കല്ലട്ര അബ്ദുൾ കാദർ ഹാജിയോട് അഭ്യർത്ഥിച്ചിരുന്നു. ആലിയയുടെ നടത്തിപ്പിനായി മുഹമ്മദ് കുഞ്ഞി മുസ്ല്യാർ (മുൻ ചെമ്പിരിക്ക ഖാസി ) പ്രസിഡൻറ് ആയി കല്ലട്ര അബ്ദുൾ കാദർ ഹാജി, കെ.എസ്. അബ്ദുല്ല ഹാജി, മുൻ ഭാരവാഹികളിൽ ചിലർ എന്നിവർ ഉൾപ്പെടുന്ന ഒരു ‘ലെയിസൺ കമ്മിറ്റി’ രൂപീകരിച്ചിരുന്നു. യു.കെ.ആറ്റക്കോയ തങ്ങൾ ആയിരുന്നു പ്രിൻസിപ്പാൾ. സി.എം. അബുല്ല മൗലവി (മുൻ ഖാസി ) അസിസ്റ്റൻറ് പ്രിൻസിപ്പലുമായിരുന്നു. ട്രസ്റ്റ് ആക്ട് പ്രകാരം പ്രവർത്തിച്ചിരുന്ന ആലിയ ഭരണസമിതിയെ ജനകീയമാക്കുന്നതിനു വേണ്ടി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനു ഭരണഘടന തയ്യാറാക്കാൻ, അഡ്വ. മുഹമ്മദ് ഷാഫി ( ഹൈക്കോടതി മുൻ ജഡ്ജ് ), അഡ്വ. സി.എൽ. മാഹിൻ, സി.എം. അബ്ദുല്ല മൗലവി എന്നിവരെ നിയോഗിച്ചു. തുടക്കത്തിൽ തന്നെ, പ്രിൻസിപ്പൽ ആയി നിയോഗിതനായ യു.കെ. ആറ്റക്കോയ തങ്ങൾ പിന്മാറിയതിനാലും, പുതിയ ഭരണഘടന പാസ്സാക്കുന്നതിൽ തർക്കമുണ്ടായതിനാലും ഒരു വർഷത്തെ നടപ്പത്തിപ്പിനു ശേഷം കല്ലട്രയും കൂട്ടരും ആലിയയുടെ പടിയിറങ്ങി.

       മലബാർ പ്രദേശത്തെ ആദ്യത്തെ ഫസ്റ്റ് ഗ്രേഡ് കോളേജായ ഫാറൂഖ് കോളേജിനും അദ്ദേഹം സാമ്പത്തിക സഹായം നല്കിയിട്ടുണ്ടു.

       മതഭൗതിക സമന്വയ വിദ്യാഭ്യാസം നല്കുന്നതിനു വേണ്ടി ഒരു പത്തു പേർക്കുള്ള സൗകര്യം ഏർപ്പെടുത്തി തരണമെന്നഭ്യർത്ഥിച്ചു കൊണ്ടു 1971 ലാണ് സി.എം.അബ്ദുല്ല മൗലവി അദ്ദേഹത്തെ സമീപിക്കന്നത്. മറിച്ചൊന്നും ചിന്തിക്കാതെ, തല്ക്കാലത്തേക്ക് ഒരവങ്കരയിലെ തൻ്റെ പഴയ വസതി നല്കാം, കുട്ടികളുടെ ചെലവും വഹിക്കാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. പ്രാരംഭ ഘട്ടത്തിൽ എട്ടു പഠിതാക്കളാണുണ്ടായിരുന്നത്. കിഴൂരിലെ പ്രമുഖ മതപണ്ഡിതനായിരുന്ന പരേതനായ സയീദ് മുസ്ല്യാരുടെ സ്മരണ നിലനിർത്താൻ സ്ഥാപനത്തിനു സഅദിയ അറബി കോളേജ് എന്ന പേര് നല്കി. 1971 ഏപ്രിൽ 28 നു നടന്ന ഉത്ഘാട ചടങ്ങിൽ ഖാസി മുഹമ്മദ് കുഞ്ഞി മുസ്ല്യാർ ആദ്ധ്യക്ഷം വഹിച്ചു. കടവത്ത് മുഹമ്മദ് ഹാജി മുസ്ല്യാർ (കുഞ്ഞിപ്പ ഹാജി മുസ്ല്യാർ ) ഉത്ഘാടനം നിർവ്വഹിച്ചു. കല്ലട്ര അബ്ദുൾ കാദർ ഹാജി, കെ.എസ്. അബ്ദുല്ല ഹാജി, സി.എച്ചു. കുഞ്ഞിക്കലന്തർ, കല്ലട്ര അബ്ബാസ് ഹാജി, ഹസ്സൻ കുട്ടി മുസ്ല്യാർ (അച്ചു മൊയ്ലാർച്ച), സി.എം. അബ്ദുല്ല മൗലവി, ഡോ. എം.സി. ഇബ്രാഹിം, എസ്.എ. ആറ്റക്കോയ (മെഡിക്കൽ കോയ) തുടങ്ങിയവർ സംബന്ധിച്ചു.

      പഠിതാക്കൾ എട്ടിൽ നിന്നു 60 ആയി വർദ്ധിച്ചപ്പോൾ കല്ലട്രയുടെ വസതിയിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു. ഒമ്പത് വർഷക്കാലം പഠനചെലവു കല്ലട്ര തനിച്ചു വഹിച്ചു. തലമുറകളോടുള്ള ഉത്തരവാദിത്വവും വിദ്യാഭ്യാസത്തോടുള്ള അദമ്യമായ പ്രണയവും ആ മഹാമനീഷിയുടെ മനസ്സിനെ വല്ലാതെ മഥിച്ചപ്പോൾ, കെട്ടിട സമുച്ചയം ഉയർത്തുന്നതിനു വേണ്ടി ദേളി ജുമുഅത്ത് പള്ളിക്ക് സമീപം ഏഴര ഏക്കർ സ്ഥലം അദ്ദേഹം സഅദിയയ്ക്ക് നല്കിക്കൊണ്ടുള്ള രേഖ സി.എം.അബ്ദുല്ല മൗലവിക്ക് കൈമാറി. കൂടാതെ ചെലവിനുള്ള തുക കണ്ടെത്താൻ, കാസർക്കോട് ടൗണിൻ്റെ കണ്ണായ സ്ഥലത്ത് അദ്ദേഹം ‘ഫിർദൗസ് ബസാർ’ എന്ന ലോഡ്ജ് അടക്കമുള്ള വാണിജ്യ കെട്ടിട സമുച്ചയം സഅദിയയ്ക്ക് വിട്ടു നല്കി.

      അന്നു പള്ളിക്കര പൂച്ചക്കാട് ജുമുഅത്ത് പള്ളിയിൽ ദർസ് നടത്തിയിരുന്ന സമസ്ത സ്റ്റേറ്റ് സെക്രട്ടറി ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലാരുടെ സാന്നിസ്യത്തിൽ, കല്ലട്രയുടെ കാഞ്ഞങ്ങാട്ടെ വസതിയായ നൂർ മഹലിൽ യോഗം ചേർന്നു 1979 ൽ സഅദിയ സ്ഥാപനങ്ങളെ സമസ്ത കണ്ണൂർ ജില്ലാ കമ്മിറ്റിയെ ഏല്പിച്ചു. ( അന്നു കാസർക്കോട് ജില്ല നിലവിൽ വന്നിരുന്നില്ല.) പിന്നിട് ‘ജാമിയ സഅദിയ അറബിയ്യ’ എന്നു പുനർനാമകരണം ചെയ്യപ്പെട്ട സ്ഥാപനം ഇന്നു ഉത്തരകേരളത്തിലെ ഏറ്റവും വലിയ സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി തലയുർത്തി നില്ക്കുന്നു. അതേ കോമ്പാണ്ടിനകത്താണു കല്ലട്രയും പത്നിയും അന്ത്യവിശ്രമം കൊള്ളുന്നത്.

      കാഞ്ഞങ്ങാട് നഗരത്തിൽ കല്ലട്രയുടെ കൈയ്യൊപ്പ് ചാർത്താത്ത മേഖലകളില്ല. കാഞ്ഞങ്ങാട് ഗവ. ഫിഷറീസ് ഹൈസ്കൂളിനു അദ്ദേഹം സ്ഥലവും കെട്ടിടവും നല്കി. അതേ ഫിഷറീസ് ഹൈസ്കൂളിനു കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ മക്കൾ 40 സെൻ്റ് സ്ഥലവും റോഡ് സൗകര്യത്തിനു ആറ് സെൻ്റ് സ്ഥലവും നല്കി. കല്ലട്രയോടുള്ള ആദരസൂചകമായി സ്കൂളിനു കല്ലട്ര അബ്ദുൾ കാദർ ഹാജി മെമ്മോറിയൽ ഗവ. ഫിഷറീസ് ഹൈസ്കൂൾ എന്നു് പുനർനാമകരണം ചെയ്തു. ക്രസൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിനും അദ്ദേഹത്തിൻ്റെ സാമ്പത്തിക സഹായം ലഭിച്ചു. അജാനൂർ ഇഖ്ബാൽ ഹൈസ്ക്കൂളിൻ്റെ പ്രാരംഭ കാലത്ത് കെട്ടിടങ്ങൾക്ക് ആവശ്യമായ മര ഉരുപ്പടികൾ റയിൽവേ സ്റ്റേഷനടുത്തുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ മരമില്ലിൽ നിന്നു  സംഭാവനയായി നല്കി.

        കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആസ്ഥാനവും യതീംഖാനയും കല്ലട്രയുടെ സംഭാവനയാണ്. മുബാറക്ക് മസ്ജിദിനും നൂർ മസ്ജിദിനും പിന്നിലെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദ്ദേഹമായിരുന്നു. തിരൂരങ്ങാടി യതീംഖാനയടക്കം നിരവധി അനാഥശാലകളെ അദ്ദേഹം സാമ്പത്തികമായി സഹായിച്ചിരുന്നു. തളിപ്പറമ്പു ചുടലയിൽ ദേശീയ പാതയ്ക്കരികിൽ അദ്ദേഹം പള്ളി നിർമ്മിച്ചു നല്കി. കാസർക്കോട് നുള്ളിപ്പാടിയിലെ പഴയ പള്ളിക്ക് വേണ്ട മരങ്ങൾ എല്ലാം നല്കിയത് കല്ലട്രയായിരുന്നു.

       കീഴൂരിൽ കുഞ്ഞിമാഹിൻ കുട്ടി ആയിഷ ദമ്പതികളുടെ മകനായി 1924 ലാണ് അദ്ദേഹത്തിൻ്റെ ജനം.  ഒരവങ്കരയിലെ കളനാട് ഓൾഡ് എൽ.പി. സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം അദ്ദേഹം ബോംബെ നഗരത്തിലാണു എത്തിപ്പെട്ടത്. അധികം താമസിയാതെ സീമെൻ കാർഡ് കരസ്ഥമാക്കി അദ്ദേഹം കപ്പൽ ജീവനക്കാരനായി മാറി. ബോംബെയിൽ എത്തിയ ആദ്യകാലത്ത് തന്നെ അദ്ദേഹം നാഗ്പാഡയിൽ ഒരു ടീ ഷോപ്പും (കിട്ലി) അതേ കെട്ടിടത്തിൻ്റെ മുകൾനിലയിൽ താമസത്തിനുള്ള ഫ്ലാറ്റും സ്വന്തമാക്കി. 

      ആങ്കർ ലൈൻ (Anchor Line) ഷിപ്പിംഗ്‌ കമ്പനിയിൽ ആയിരുന്നു ആദ്യം അദ്ദേഹം ജോലി ചെയ്തിരുന്നത്. പതിനൊന്നു മാസത്തെ രണ്ടു കോൺട്രാക്റ്റ് പൂർത്തിയാക്കിയതിനു ശേഷം, തളങ്കര സ്വദേശി സൂപ്പി ഇബ്രാഹിമുമായി ചേർന്നു ആങ്കർ ലൈനിൻ്റെ കപ്പലുകളിൽ ഏഡൻ തുറമുഖത്തേക്ക് മര ഉരുപ്പടികളും മറ്റും കയറ്റി അയക്കുന്ന കച്ചവടത്തിലേർപ്പെട്ടു. പിന്നീട് അവർ ഗുജ്റാത്ത് കേന്ദ്രീകരിച്ചുള്ള ആർ – അക്കോജി ജാഡ്വെറ്റ് ലൈൻ (R-Akhoji Jadwet Line) എന്ന കമ്പനിയുടെ കപ്പലുകൾ വാടകയ്ക്ക് എടുത്ത് കയറ്റുമതി വ്യാപാരം വികസിപ്പിച്ചു.  ആ പാർട്ണർഷിപ്പ് പിരിഞ്ഞതിനു ശേഷം അദ്ദേഹം വളപട്ടണത്തെ എ. കെ. കാദർ കുട്ടിയുടെ  കേരള ലൈൻ (Kerala Line) ഷിപ്പിംഗ് കമ്പനിയിൽ പാട്ട്ണറായി ചേർന്നു. ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നു മരത്തടികൾ വളപട്ടണത്തേക്ക് എത്തിക്കുന്നതിനു കേരള ലൈൻ കമ്പനിക്ക് ഫരീദ, ജമീല എന്നീ പേരുകളിൽ രണ്ടു കാർഗോ കപ്പലുകളുണ്ടായിരുന്നു.

      അദ്ദേഹം ജന്മ നാടായ കീഴൂരിനടുത്ത് ചന്ദ്രഗിരി പുഴയുടെ തീരത്ത് ‘മിൻഹത്തുൽ മന്നാൻ ‘ എന്ന ഉരുവും (ചെറു പായക്കപ്പൽ – മഞ്ചു ) ചളയങ്കോട് കടവിൽ  ‘ഫരീദ ‘, ‘അജ്മീർ’  എന്നീ ഉരുക്കളും വിദഗ്ധ ജോലിക്കാരെ കൊണ്ടുവന്നു  നിർമ്മിച്ചു മംഗലാപുരം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളിൽ നിന്നു മര ഉരുപ്പടികൾ ബോംബെയിലേക്കു കയറ്റി അയച്ചു. മടക്കയാത്രയിൽ ഈത്തപ്പഴവും മറ്റു ഭക്ഷ്യസാധനങ്ങളും രത്നഗിരിയിൽ നിന്നു പഞ്ചസാരയും കൊണ്ടുവരും.
അദ്ദേഹം സംഭാവന നല്കിയ മര ഉരുപ്പടികളായിരുന്നു ദുബായിലെ ആദ്യകാല സർവാണി പള്ളി നിർമ്മാണത്തിനു ഉപയോഗിച്ചിരുന്നത്. അതേ കാലയാളവിൽ തന്നെ അദ്ദേഹത്തിൻ്റെ സുഹൃത്തായ ബോംബെ സ്വദേശിയായ അബ്ദുൾ റഹ്മാൻ സ്രാങ്ക് വഴി സീമെൻ കാർഡ് സംഘടിപ്പിച്ചു ജാതി മത ഭേതമെന്യേ ഒരുപാടു നാട്ടുകാർക്ക് അദ്ദേഹം കപ്പൽ ജോലി തരപ്പെടുത്തിക്കൊടുത്തു. 

       നിരവധി നാട്ടുകാർ ബോംബെ നഗരത്തിൽ പകലന്തിയോളം പണിയെടുത്ത്, രാത്രി തല ചായ്ക്കാൻ ഫുട്പാത്തിനെ ആശ്രയിച്ചിരുന്ന കാലത്ത് സീമാൻ ആയ അദ്ദേഹം കൂടെക്കൂടെ ബോംബെ സദർശിക്കുമായിരുന്നു.. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം, ഫുട്പാത്തിലും ഹാത്ത് ഗാഡിയിലും  കിടക്കുന്നവരെ പോലീസ് പിടികൂടി പെറ്റി അടിച്ചു കോടതിയിൽ ഹാജരാക്കും. ചിലപ്പോൾ നൂറിലധികം പേരുണ്ടാകും. അവരെയെല്ലാം ഫൈൻ അടച്ചു പുറത്തു കൊണ്ട് വരിക കല്ലട്ര അബ്ദുൾ കാദർ ഹാജി ആയിരിക്കം. ഇതിനു ഒരു അറുതി എന്ന ചിന്തയിൽ നിന്നാണു ജമാഅത്ത് ഖാന എന്ന ആശയം അദ്ദേഹത്തിലുദിക്കുന്നത്. അങ്ങനെയാണു അദ്ദേഹം മുന്നിട്ടിറങ്ങി 1964ൽ ബോംബെ അഖില കീഴൂർ മുസ്ലീം ജമാഅത്ത് രൂപീകരിച്ചു ഓൾഡ് ബംഗാളി പുര സ്ടീറ്റിൽ, ജമാഅത്തിനു വേണ്ടി ഒരു ഫ്ലാറ്റ് വാങ്ങുന്നത്. പ്രാരംഭ ഘട്ടത്തിൽ കീഴൂർ മുതൽ ബെണ്ടിച്ചാൽ വരെയുള്ളവർക്ക് അവിടെ താമസ സൗകര്യം അനുവദിച്ചിരുന്നു. മരണം വരെ അദ്ദേഹം അതിൻ്റെ പ്രസിഡൻ്റായി തുടർന്നു.

      അദ്ദേഹം നെഞ്ചിലേറ്റിയ രാഷട്രീയ പ്രസ്ഥാനം മുസ്ലിം ലീഗാണു. കാസർക്കോട് താലൂക്ക് മുസ്ലീം ലീഗ് കമ്മിറ്റിക്ക് വേണ്ടിയും ഹോസ്ദുർഗ് താലൂക്ക് മുസ്ലീം ലീഗ് കമ്മിറ്റിക്ക് വേണ്ടിയും സ്വന്തമായി ഓഫീസ് മുറികൾ അദ്ദേഹം വാങ്ങിച്ചു നല്കി. മഹാരാഷ്ട്ര മുസ്ലീം ലീഗ് കമ്മിറ്റിക്ക് വേണ്ടി ബോംബെ മുഹമ്മദലി റോഡിൽ അദ്ദേഹത്തിനു സ്വന്തമായുള്ള ഡീലക്സ് ലോഡ്ജിൽ നിന്നു ഓഫീസിനായി ഒരു മുറി അദ്ദേഹം വിട്ടുനില്കി. മഹാരാഷട മുസ്ലീം ലീഗ് കമ്മിറ്റി പ്രവർത്തക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ബാഫഖി തങ്ങൾ, സി.എച്ചു.മുഹമ്മദ് കോയ, സി.കെ.പി. ചെറിയ മമ്മുക്കേയി, ബനാത്ത് വാല തുടങ്ങിയവരുമായി അടുത്ത സുഹൃദ് ബന്ധം സ്ഥാപിച്ച അദ്ദേഹം മരണസമയത്ത് അഭിവക്ത കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി ഖജാൻജിയും സംസ്ഥാന കമ്മിറ്റി പ്രവർത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായിരുന്നു. 
ഒരു ഡയറക്ടറായ അദ്ദേഹം സഹ ഡയറക്ടറായ കെ.എസ്. അബ്ദുല്ല ഹാജിയോടൊപ്പം ചന്ദ്രിക പത്രത്തിനു താങ്ങായി നിലകൊണ്ടു. 

     മുൻ പ്രസിഡൻ്റ് വി.വി.ഗിരി, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി എ.ആർ. ആന്തുലെ, മുൻ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫൻ, വ്യവസായിയായ ധീരുഭായ് അംബാനി, ലീല കൃഷ്ണൻ നായർ എന്നിവരുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

    1973 ൽ കല്ലട്രയ്ക്കും കുടുംബത്തിനമൊപ്പം പരിശുദ്ധ ഹജ്ജ് കർമ്മത്തിനു കപ്പൽ വഴി പോയ മുസ്ലീം ലീഗിൻ്റെ അഖാലേന്ത്യാ പ്രസിഡൻ്റ് സയ്യദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങൾ മെക്കയിൽ വെച്ചു മരണപ്പെടുകയുണ്ടായി. കല്ലട്രയും കൂടെയുണ്ടായിരുന്ന സി.കെ.പി. ചെറിയ മമ്മുക്കയിയും ചേർന്നാണു ബാഫഖി തങ്ങളുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്.

    1974-ൽ മുസ്ലീം ലീഗിൽ ദൗർഭാഗ്യകരമായ പിളർപ്പുണ്ടായപ്പോൾ അദ്ദേഹം ഔദ്യോഗിക പക്ഷത്തോടൊപ്പം നിലകൊണ്ടു. എങ്കിലും അഖിലേന്ത്യാ ലീഗിലുള്ള പഴയ സഹപ്രവർത്തകരുമായുള്ള അദ്ദേഹത്തിൻ്റെ സഹൃദത്തിനു കോട്ടം തട്ടിയില്ല. ലീഗിൽ പുനരൈക്യം ഉണ്ടാക്കുന്നതിനു അദ്ദേഹവും കെ.എസ്. അബ്ദുല്ല ഹാജിയും ചേർന്നു ഈ വിഭാഗം നേതാക്കളെയും മുഖാമുഖം ഇരുത്തി പലവട്ടം ചർച്ച നടത്തിയിരുന്നു. 1985 ലാണു അവരുടെ ആ ഉദ്യമം വിജയത്തിലെത്തിയത്.

     മുസ്ലീംങ്ങളും ധീവരസമുദായക്കാരും തിങ്ങിപ്പാർക്കുന്ന അദ്ദേഹത്തിൻ്റെ ജന്മനാടായ കീഴൂർ ഒരു കാലത്ത് സാമുദായികമായി വളരെ ലോലമായ പ്രദേശമായിരുന്നു. കല്ലട്രയുടെ കാലത്തിനു മുമ്പു, ബ്രട്ടീഷ് ഭരണകാലത്ത് കീഴൂർ ശാസ്താ ക്ഷേത്രത്തിൽ നിന്നു തൃക്കണ്ണാട് ക്ഷേത്രത്തിലേക്കള്ള എഴുന്നള്ളത്തിനോടനുബന്ധിച്ചു ചെമ്പിരിക്കയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്നു വലിയൊരു കലാപം നടക്കുകയുണ്ടായി. അന്നു പോലീസ് വെടിവെപ്പിൽ മൂന്നു പേർ മരണപ്പെട്ടു.. ആ സംഭവം ചെമ്പിരിക്ക കലാപം എന്നറിയപ്പെടുന്നത്.  അടുത്ത കാലം വരെ കീഴൂരിൽ ഇത്തരം അസ്വസ്തകൾ അടിക്കടി ഉടലെടുക്കും. മദ്യപന്മാർ തമ്മിലുള്ള കശപിശയിൽ തുടങ്ങി ആരാധനാലയങ്ങൾക്ക് കല്ലെറിയുന്നത് വരെ വളരുമ്പോൾ, കല്ലട്ര അബ്ദുൾ കാദർ ഹാജി ഉന്നത പോലീസ് അധികാരികളോടൊപ്പം കീഴൂരിൽ കുതിച്ചെത്തി, ധീവര സമുദായത്തിലെ കാരണവന്മാരുമായി ചർച്ച നടത്തി പ്രശ്നം പടരാതെ എത്രയോ തവണ ഊതിക്കെടുത്തിയിട്ടുണ്ടു. ആ സമയങ്ങളിൽ കീഴൂരിലും മേൽപ്പറമ്പിലും പോലീസ് ബസ്സുകൾ ദീർഘനാൾ ക്യാമ്പു ചെയ്യാറുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ നയതന്ത്രജ്ഞത കാരണം കീഴൂരിനു വീണ്ടും ഒരു ദുഷ്പ്പേരുണ്ടായില്ല.

       അദ്ദേഹത്തിൻ്റെ ഒരവങ്കരയിലെ പഴയ വസതിയും മേല്പറമ്പിലെ പുതിയ വസതിയും ‘പഞ്ചാത്തിക്ക’ ( ഒത്തുതീർപ്പ് സംഭാഷണം) യുടെ കേന്ദ്രങ്ങളായിരുന്നു. പോലീസ് സ്റ്റേഷനും കോടതിയും കയറാതെ എത്രയോ ഗുരുതര പ്രശ്നങ്ങൾക്ക് ആ നാട്ട്കൂട്ടം പരിഹാരം കണ്ടിട്ടുണ്ടു.

     അദ്ദേഹം ദീർഘ കാലം കീഴൂർ മുസ്ലീം ജമാഅത്തിൻ്റെ പ്രസിഡൻറായിരുന്നു. മരിക്കുന്ന സമയത്ത് അദ്ദേഹം മേല്പറമ്പു മുസ്ലീം ജമാഅത്ത് പ്രസിഡൻ്റായിരുന്നു. പീടിക മുറികൾക്ക് മുകളിലുള്ള മുനീറുൽ ഇസ്ലാം മദ്രസയുടെ പഴയ കെട്ടിടം അദ്ദേഹം സ്വന്തമായി നിർമ്മിച്ചു നല്കിയതാണു.

     അദ്ദേഹം കൈവെച്ച വ്യാപാര മേഖലകളിൽ അദ്ദേഹത്തിനു വേലിയേറ്റമേ ഉണ്ടായിട്ടുള്ളൂ. 1960-75 കാലത്ത് കേരളത്തിലെ മുസ്ലീംങ്ങളിൽ അതിസമ്പന്നനായിരുന്നു അദ്ദേഹം. എന്നാൽ തൻ്റെ സമ്പത്തിൻ്റെ നല്ലൊരു ഭാഗം വിദ്യാഭ്യസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം വിനിയോഗിച്ചു. അദ്ദേഹം നാട്ടിലുള്ള സമയത്ത് അദ്ദേഹത്തിൻ്റെ വസതിക്ക് മുമ്പിൽ എന്നും ആൾക്കൂട്ടം കാണാം. കണ്ണാടകയിൽ നിന്നും കേരളത്തിൻ്റെ ഇതര ജില്ലകളിൽ നിന്നും എത്തുന്ന, പള്ളി മദ്രസ നിർമ്മാണം തുടങ്ങി കല്ല്യാണം രോഗചികിത്സ വരെയുള്ള സഹായാഭ്യർത്ഥകരെ  അദ്ദേഹം വെറും കയ്യോടെ മടക്കാറില്ല. 

       അന്നു കല്ലട്ര അബ്ദുൾ കാദർ ഹാജി തൻ്റെ കുന്നുപോലെയുള്ള സ്വത്ത് രാഷ്ട്രീയത്തിൽ ചെലവഴിച്ചു. ഇന്നു പലരും രാഷ്ടീയത്തിൽ പ്രവേശിച്ചു സമ്പാദിച്ചു സ്വത്ത് കുന്നുകൂട്ടുന്നു. ദുഷിച്ച രാഷ്ട്രീയ പ്രവർത്തനത്തിനു ഒരു അപവാദമായ കല്ലട്രയെ ‘സംശുദ്ധ രാഷട്രീയ പ്രവർത്തകൻ ‘ എന്നു തന്നെ വിളിക്കണം. അദ്ദേഹം ജീവിതത്തിൽ സമൂഹ നന്മയ്ക്കായി ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾ സംസാരിക്കുമ്പോൾ, അദ്ദേഹത്തെക്കുറിച്ചു ഒരു വർണ്ണന ആവശ്യമില്ല. 

       തളിപ്പറമ്പു സർ സയ്യദ് കോളേജിൽ നിന്നു എം.എസ്.എഫ്. ലൂടെ വളർന്നു  കാസർക്കോട് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ ഖജാൻജി പദവിയിലെത്തിയിരുന്ന, യുവാക്കളുടെ ആവേശമായ, അദ്ദേഹത്തിൻ്റെ സീമന്തപുത്രൻ കല്ലട്ര മാഹിൻ ഹാജിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർക്കോട് സീറ്റ് പാർട്ടി നല്കുമെന്നാണു ജനങ്ങൾ കരുതിയിരുന്നത്. എന്തുകൊണ്ടോ അതുണ്ടായില്ല. ഇപ്പോൾ അദ്ദേഹം മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റായി പ്രവർത്തിക്കുന്നു. 

       തിരക്കുപിടിച്ച മുംബായ് നഗരത്തിലെ ഫുട്പാത്തിലൂടെ നിങ്ങൾ നടന്നു പോകുമ്പോൾ, നിങ്ങളുടെ പേര് ചൊല്ലി വിളിച്ചതു കേട്ട് തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചു നില്ക്കുന്നത്, നിങ്ങളുടെ സഹപാഠിയായ അല്ലെങ്കിൽ നാട്ടുകാരനായ ,മുംബയിലെ വ്യാപരികളായ കല്ലട്ര അബ്ദുൾ കാദർ ഹാജിയുടെ മക്കളിൽ ഒരാളായിരിക്കാം. അവരുടെ ആതിഥ്യം സ്വീകരിക്കാതെ നിങ്ങളെ മുന്നോട്ടു നീങ്ങാൻ അനുവദിക്കുന്ന പ്രശ്നമില്ല. പിതാവിൽ നിന്നു പകർന്നു കിട്ടിയ സഹജീവി സ്നേഹം മക്കളും കൊണ്ടു നടക്കുന്നു.

      ഭാര്യ ,കാഞ്ഞങ്ങാട് സ്വദേശി പരേതയായ ബീഫാത്തിമ്മ.മക്കൾ: മാഹിൻ ഹാജി, ഉമ്പായി എന്ന ഇബ്രാഹിം, അശ്റഫ്, ശരീഫ് (പൈലറ്റ് ), അബ്ദുൽ സലാം (അഡ്വക്കറ്റ്), അബ്ദുൾ മുനീർ (ഡോക്ടർ), ആയിഷ, ജമീല.ആസിയ,ഖമറുന്നിസ

       അദ്ദേഹത്തിൻ്റെ വസതി എന്നും മതസൗഹാർദ്ദത്തിൻ്റെ വിളനിലമായി നിലകൊണ്ടു. അരമങ്ങാനം സ്വദേശി കുഞ്ഞിത്തീയ്യൻ ആയിരുന്നു അദ്ദേഹത്തിൻ്റെ സ്ഥിരം ഡ്രൈവർ. സർക്കാർ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന നീളപ്പയ്യൻ, മറ്റു ജോലിക്കാരായ കുമാരൻ, കുട്ട്യൻ, ദളിത് വിഭാഗത്തിൽ പെട്ട ചുക്രനും ഭാര്യ മദ്റുവും കുടുംബവും ആ വീട്ടിലെ അംഗങ്ങളെപ്പോലെ ജീവിച്ചു. അദ്ദേഹത്തിൻ്റെ നാട്ടിലെ കച്ചവട ഇടപാടുകളിലെ കണക്കുകൾ ആദ്യകാലത്ത് കൈകാര്യം ചെയ്തിരുന്നത് ഒരവങ്കര സ്വദേശി എ.എം. അബ്ദുല്ലയായിരുന്നു. ആ ജോലിയിലൂടെ അദ്ദേഹത്തിനു റൈട്ടർ അബ്ദുല്ല എന്ന പേരും ലഭിച്ചു. തടർന്നു മേല്പറമ്പു സ്വദേശി എ.മാഹിൻ അദ്ദേഹത്തിൻ്റെ കണക്കെഴുത്തുകാരനായി. കല്ലട്രയുടെ പ്രതിസന്ധി ഘട്ടത്തിൽ നാട്ടുകാർ സ്നേഹപൂർവ്വം ‘റൈട്ടർ മാഹിൻച്ച ‘ എന്നു വിളിക്കുന്ന എ. മാഹിൻ ഒരു നിഴൽ പോലെ അദ്ദേഹത്തിനു എല്ലാ സേവനവും ചെയ്ത് കൊടുത്തിരുന്നു.
   
       2024 ഫെബ്രുവരി 28 ന് കല്ലട്ര അബ്ദുൾ കാദർ ഹാജി മരണപ്പെട്ടു 41 വർഷം പൂർത്തിയാകുന്നു. പരേതനു നീ മഗ്ഫിറത്ത് നല്കേണമേ നാഥാ… ആമീൻ.

  • ഡ്രോസർ മേൽപ്പറമ്പു

Hot Topics

Related Articles