Tuesday, August 26, 2025
spot_img

‘സ്ത്രീധന പീഡന കേസുകള്‍ കൂടുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍’: പി സതീദേവി

ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹം പെൺകുട്ടികളെ ഒരു ബാധ്യതയായാണ് കാണുന്നത്. പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനും, ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്താനും സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും സതീദേവി പറഞ്ഞു.

കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. സ്ത്രീധനത്തെ നിയമം കൊണ്ട് മാത്രം നിരോധിക്കാൻ കഴിയില്ല. വിവാഹശേഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് ഉപദേശം നൽകുന്നത്. മർദനം ഉൾപ്പെടെ സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് പെൺകുട്ടികളുടെ ജീവിതം താറുമാറാക്കുമെന്നും പൊരുത്തപ്പെടാൻ കഴിയാതെ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് തിരിയുന്നത് ആശങ്കാജനകമാണെന്നും സതീദേവി പറഞ്ഞു.

ജീവിതം സംബന്ധിച്ച് പെണ്‍കുട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരണം. പെണ്‍കുട്ടികള്‍ക്ക് അഭിപ്രായങ്ങള്‍ പറയുന്നതിന് അവസരം നല്‍കണം. സ്ത്രീകള്‍ക്ക് അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കണം. സ്വന്തം ജീവിതം തിരിച്ചറിയാനും നിര്‍ണയിക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശം നല്‍കണം. സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതിന് പെണ്‍കുട്ടികളെ പ്രാപ്തമാക്കിയെങ്കിലേ സ്ത്രീശാക്തീകരണം പൂര്‍ണമാകുകയുള്ളൂ എന്നും വനിതാ കമ്മിഷൻ അധ്യക്ഷ.

Hot Topics

Related Articles