പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ. ബംഗാൾ ഒരു ബനാന റിപ്പബ്ലിക്കല്ല. അക്രമം തടയാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടവരുമെന്നും സി.വി ആനന്ദ് ബോസ്.
‘ഹീനമായ ആക്രമണം’ എന്നാണ് സംഭവത്തെ ഗവർണർ സി.വി ആനന്ദ് ബോസ് വിശേഷിപ്പിച്ചത്. ‘വിഷയം ഭയാനകവും അപലപനീയവുമാണ്. ജനാധിപത്യത്തിൽ പ്രാകൃതത്വവും വിധ്വംസക പ്രവർത്തനവും തടയേണ്ടത് പരിഷ്കൃത സർക്കാരിന്റെ കടമയാണ്. അടിസ്ഥാന കടമകൾ നിറവേറ്റുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെട്ടാൽ, ഇന്ത്യൻ ഭരണഘടന അതിന്റെ വഴി സ്വീകരിക്കും’-ഗവർണർ സിവി ആനന്ദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഇഡി ഉദ്യോഗസ്ഥരെയും സിഎപിഎഫ് ജവാന്മാരെയും നാട്ടുകാർ ആക്രമിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്താനെത്തിയപ്പോൾ ഇരുന്നൂറിലധികം ഗ്രാമവാസികൾ സംഘത്തെ വളയുകയും വാഹനങ്ങൾ തകർക്കുകയുമായിരുന്നു.