വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണു മുന്നോടിയായുള്ള മിനി ലേലം ഇന്ന്. ആകെ 165 താരങ്ങളാണ് ലേലപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് താരങ്ങളും പട്ടികയിലുണ്ട്. അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30 പേർക്കാണ് അവസരം ലഭിക്കുക. ഗുജറാത്ത് ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളിലാണ് കൂടുതൽ സ്ലോട്ടുകളുള്ളത്.
മുൻ ക്യാപ്റ്റൻ സജന എസ്, അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരാണ് ലേലപ്പട്ടികയിലുള്ള മലയാളി താരങ്ങൾ. നിലവിലെ ക്യാപ്റ്റൻ മിന്നു മണി ഡൽഹി ക്യാപിറ്റൽസിനൊപ്പമുണ്ട്.
ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പട്ടുവാണ് പട്ടികയിലെ പ്രമുഖരിൽ ഒരാൾ. കഴിഞ്ഞ എഡിഷനിൽ ഒരു ടീമും പരിഗണിക്കാത്തതിൽ താരം ദുഖം രേഖപ്പെടുത്തിയിരുന്നു. ഇക്കുറി വനിതാ ബിഗ് ബാഷിൽ പരമ്പരയിലെ താരമായി തകർപ്പൻ ഫോമിലാണ് ചമരി. അതുകൊണ്ട് തന്നെ താരം ഗുജറാത്തിലോ യുപിയിലോ കളിക്കാൻ ഏറെ സാധ്യതയുണ്ട്. ഇംഗ്ലണ്ട് ഓപ്പണർ ഡാനി വ്യാട്ടിനെയും കഴിഞ്ഞ സീസണിൽ ആരും ടീമിലെടുത്തില്ല. ഇന്ത്യൻ പിച്ചുകളിൽ നന്നായി കളിക്കുന്ന, തകർപ്പൻ റെക്കോർഡുള്ള വ്യാട്ടിനും ടീം ലഭിക്കാത്തത് അത്ഭുതമായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ടി-20 പരമ്പരയിലെ ആദ്യ കളിയിൽ ഫിഫ്റ്റിയടിച്ച് താരം നയം വ്യക്തമാക്കിക്കഴിഞ്ഞു. താരവും ഗുജറാത്തിൽ എത്തിയേക്കും.
അന്നബെൽ സതർലൻഡ്, ഷബ്നിം ഇസ്മയിൽ എന്നീ താരങ്ങളും ലേലത്തിലുണ്ട്.