പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും നിവർത്തിയിലെന്ന് റിപ്പോർട്ട്. കമ്പനി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ, ‘ബൈജൂസ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ സ്വന്തം വീടുകൾ പണയപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
12 മില്യൺ ഡോളർ ആണ് ബൈജു രവീന്ദ്രൻ വായ്പ എടുത്തിരിക്കുന്നത്. ഇതിനായി ബെംഗളൂരുവിലെ രണ്ട് വീടുകളും ഗേറ്റഡ് കമ്മ്യൂണിറ്റിയായ എപ്‌സിലോണിലെ നിർമ്മാണത്തിലിരിക്കുന്ന വില്ലയും ഈട് നൽകി. ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ടെക് സ്റ്റാർട്ടപ്പായിരുന്നു ‘ബൈജൂസ്’ ആപ്പ്. 5 ബില്യൺ ഡോളറായിരുന്നു രവീന്ദ്രന്റെ സമ്പത്ത്. എന്നാൽ ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.