ശബരിമല ഭക്തജന തിരക്ക് വിഷയത്തിൽ മലക്കംമറിഞ്ഞ് മുൻ ഡിജിപി ടി.പി സെൻകുമാർ. പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ പ്രകാരം പതിനെട്ടാം പടിയുടെ വീതി വർധിപ്പിക്കാൻ കഴിയില്ല. വീതി വർദ്ധിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ പരിശോധിച്ചതാണ്. പ്രശ്നം പരിഹരിക്കാൻ പതിനെട്ടാം പടിയിൽ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം ടി.പി സെൻകുമാർ കൂട്ടിച്ചേർത്തു.
പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ച് മറയ്ക്കാൻ പറ്റുമോ, വീതി വർദ്ധിപ്പിക്കാൻ കഴിയുമോ എന്നൊക്കെ നേരത്തെ പരിശോധിച്ചതാണ്. എന്നാൽ അതൊന്നും നടക്കില്ല. ഇപ്പോൾ ഉള്ളത് വെച്ചേ നമുക്ക് ചെയ്യാൻ കഴിയൂ. പതിനെട്ടാംപടിയിൽ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് പരിഹാരം. തൊഴുതു കഴിയുന്നവർ അവിടെ നിൽക്കാതെ എളുപ്പത്തിൽ മടങ്ങാനും ശ്രദ്ധിക്കണം. ശബരിമലയിൽ ജോലി ചെയ്ത് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ക്രമീകരണത്തിൽ വീഴ്ച പറ്റി. മുതിർന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞു. ഉള്ളവർ കൃത്യമായി മോണിറ്റർ ചെയ്യുന്നില്ല. ശബരിമലയെ ശ്രദ്ധിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ നവകേരള സദസിന്റെ തിരക്കിലെന്നും ടി.പി സെൻകുമാർ പറഞ്ഞു.