Thursday, November 28, 2024
spot_img

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: മുൻകൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിശദീകരണം.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചുമലിൽ പിടിച്ചത്. ഒഴിഞ്ഞു മാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോൾ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി. മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.

കുറ്റപത്രത്തിൽ ഐപിസി 354ാം വകുപ്പ് കൂടി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഈ വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതിയുടെ അവധിക്കല ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് തള്ളിയ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. നടക്കാവ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നൽകിയിരുന്നു. വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

Hot Topics

Related Articles