Friday, November 1, 2024
spot_img

സ്ത്രീധനത്തിനായി ഷഹനയില്‍ സമ്മര്‍ദം ചെലുത്തിയ ഡോ. റുവൈസ് ഡോക്ടര്‍മാരുടെ അവകാശസമരങ്ങളില്‍ മുന്നില്‍ നിന്നയാള്‍, വന്ദനാ ദാസ് കൊലപാതകത്തിനെതിരായ പ്രതിഷേധത്തിലും മുന്‍പന്തിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെച്ചൊല്ലി പ്രതിശ്രുതവരന്‍ ഡോ. റുവൈസ് ചെലുത്തിയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് തെളിയുകയാണ്. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ. റുവൈസ് ഡോക്ടര്‍മാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെയും വന്ദനാദാസ് കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിലൂടെയും മാധ്യമശ്രദ്ധയാര്‍ജിച്ചയാളാണ്. അവകാശസമരങ്ങളുടെ അമരത്ത് നില്‍ക്കുമ്പോഴും സ്ത്രീധന വിഷയത്തിലുള്‍പ്പെടെ ഡോ. റുവൈസ് സ്വീകരിച്ച വിഷലിപ്തമായ നിലപാടുകളെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം വിമര്‍ശിക്കുകയാണ്.

പി ജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഡോ റുവൈസ്. മെഡിക്കല്‍ എന്‍ട്രന്‍സില്‍ 76-ാം റാങ്കുനേടിയിരുന്ന റുവൈസ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളിലും നിലപാട് പറഞ്ഞയാളുമായിരുന്നു. ഐഎംഎ ഈ മാസം 10ന് ആലുവയില്‍ സംഘടിപ്പിക്കുന്ന ഡോക്ടര്‍മാരുടെ അവകാശലംഘനങ്ങള്‍ക്കെതിരായ പരിപാടിയില്‍ പ്രാസംഗികരുടെ കൂടെ റുവൈസിന്റേയും പേരുണ്ട്.

വലിയ തുക സ്ത്രീധനം ആവശ്യപ്പെടുന്ന തന്റെ പിതാവിന്റെ നിലപാടുകളോട് പൂര്‍ണമായി പിന്തുണച്ച് ഷഹനയെ ഡോ റുവൈസ് നിരന്തരം ശല്യപ്പെടുത്തിയെന്ന് ഷഹനയുടെ കുടുംബം ആരോപിക്കുന്നുണ്ട്. സ്ത്രീധനത്തിനായി റുവൈസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. റുവൈസിന്റെ പിതാവാണ് വലിയ തുക സ്ത്രീധനം ചോദിച്ചത്. പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.

‘എന്താണ് വേണ്ടതെന്ന് വച്ചാല്‍ മാക്‌സിമം ഞാന്‍ ചെയ്യാമെന്ന് റുവൈസിനോട് പറഞ്ഞിരുന്നതാണ്. എന്നാല്‍ അവര്‍ പറഞ്ഞ തുക ഞങ്ങള്‍ക്ക് താങ്ങാനാകുന്നതായിരുന്നില്ല. വാപ്പ സമ്മതിക്കുന്നില്ലെന്ന് റുവൈസ് ഷഹനയോട് പറഞ്ഞിരുന്നു. നിന്റെ അഭിപ്രായമെന്താണെന്ന് ചോദിച്ചപ്പോള്‍ വാപ്പയുടെ അതേ അഭിപ്രായമാണെന്ന് റുവൈസും ഷഹനയോട് പറഞ്ഞു’. ഏറെ വൈകാരികമായാണ് ഷഹനയുടെ സഹോദരന്‍ ഇതുപറഞ്ഞത്. തന്റെ സഹോദരിയെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. പകരം പണമാണ് തനിക്കും വലുതെന്ന് റുവൈസ് പറയുകയായിരുന്നെന്നും ഷഹനയുടെ കുടുംബം ആരോപിച്ചു.

പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞ വാക്കാണ് ഷഹനയെ ഏറെ വേദനിപ്പിച്ചതെന്ന് ഷഹനയുടെ സഹോദരന്‍ പറയുന്നു. വീട്ടുകാരുടെ സമ്മര്‍ദത്തെ മറികടന്ന് ഷഹനയെ വിവാഹം കഴിക്കാന്‍ റുവൈസ് ഒരുക്കമാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടെ നില്‍ക്കാമെന്നും ഷഹനയുടെ കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ അതുവേണ്ടെന്നും തനിക്ക് ഇക്കാര്യത്തില്‍ പിതാവിനെ ധിക്കരിക്കാനാകില്ലെന്നും റുവൈസ് പറയുകയായിരുന്നു.

Hot Topics

Related Articles