തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി. ജി വിദ്യാർത്ഥി ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്തു.
തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയിൽ ഫ്ലാറിൽ കണ്ടെത്തുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലിറ്റ് ചെയ്തത്. ഷഹ്നയുടെ ഫോണിൽ നിന്നും മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. കേസിൽ റുവൈസിൻ്റെ പിതാവിനെയും പ്രതി ചേർക്കും.
പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനാത്തതിനാൽ വിവാഹ ബന്ധത്തിൽ നിന്നും റുവൈസ് പിൻമാറിയതാണ് ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.